മനാമ: ബഹ്‌റൈനിൽ നിലവിലുള്ള ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും പെട്രോൾ സ്റ്റേഷൻ ജീവനക്കാർക്കും കൂടി ബാധകമാക്കണമെന്ന് എംപി ഡോ. മറിയം അൽ ധാഈൻ അധികാരികളോട് ആവശ്യപ്പെട്ടു. കടുത്ത ചൂട് കാരണം ഈ മേഖലകളിലുള്ള തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ആരോഗ്യപരമായ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് അവരുടെ നിർദ്ദേശം.
വേനൽക്കാലത്ത് പല തൊഴിലാളികളും ഇപ്പോഴും കഠിനമായ ചൂടിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ നിയമങ്ങൾക്കായി എംപി ആഹ്വാനം ചെയ്തു. നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കാനും അവർ ആവശ്യപ്പെട്ടു.
നിലവിൽ, ബഹ്‌റൈനിൽ ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഈ നിയമം ഡെലിവറി റൈഡർമാർക്കും പെട്രോൾ സ്റ്റേഷൻ ജീവനക്കാർക്കും ബാധകമല്ല. ഇവരും കടുത്ത ചൂടിൽ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഡോ. മറിയം അൽ ധഈൻ എടുത്തുപറഞ്ഞു.
ചൂട് കാരണം ഉണ്ടാകുന്ന ക്ഷീണം റോഡപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. എസി വാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി നടത്തുന്നത് പോലെ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താനും നിയമം നടപ്പിലാക്കുന്നതിൽ ലേബർ മന്ത്രാലയം കൂടുതൽ ശ്രദ്ധ ചെലുത്താനും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.