മനാമ: സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ബഹ്റൈൻ രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വർധിച്ചു.
നാഷനൽ ഓപൺ ഡാറ്റാ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച ഈ കണക്കുകൾ അനുസരിച്ച്, 2023നെ അപേക്ഷിച്ച് രാജ്യത്തിന്റെ കരഭൂമിയിൽ ഒരു ചതുരശ്ര കിലോമീറ്ററിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൊത്തം 4.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ബഹ്റൈന് വർധിച്ചത്. 2019ൽ ബഹ്റൈന്റെ ഭൂവിസ്തൃതി ഏകദേശം 783 ചതുരശ്ര കിലോമീറ്ററായിരുന്നു.
സതേൺ ഗവർണറേറ്റ് ആണ് ഇപ്പോഴും ഏറ്റവും വലിയ വിസ്തൃതിയുള്ള ഗവർണറേറ്റ് (488.77 ചതുരശ്ര കിലോമീറ്റർ). കാപിറ്റൽ ഗവർണറേറ്റിന്റെ ഭൂവിസ്തൃതി 2024ൽ അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി (79.23 ചതുരശ്ര കിലോമീറ്റർ).
മുഹറഖ് ഗവർണറേറ്റിന്റെ വിസ്തൃതി ഏകദേശം 74 ചതുരശ്ര കിലോമീറ്ററിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. ബഹ്റൈന്റെ പ്രാദേശിക സമുദ്രാതിർത്തി ഏകദേശം 7481 ചതുരശ്ര കിലോമീറ്ററാണ്.
2016 മുതൽ ഈ കണക്കിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നത് രാജ്യത്തിന്റെ സമുദ്രാതിർത്തികളിലെ സ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്.
ബഹ്റൈൻ, മുഹറഖ്, സിത്ര, ജിദ്ദ, അസ്രി, ഉമ്മു അൻ നസാൻ എന്നീ പ്രധാന ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഏകദേശം എട്ട് ചതുരശ്ര കിലോമീറ്ററാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.