മനാമ: ബഹ്റൈൻ സാമ്പത്തിക മേഖല 4.0 ശതമാനം വളർച്ച കൈവരിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട സാമ്പത്തിക റിപ്പോർട്ടിലാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണ മേഖലയിലെ പ്രവർത്തനങ്ങളിൽ ഉണ്ടായ 9.3 ശതമാനം വർധനയും എണ്ണ ഇതര മേഖലകളിലെ 3.1 ശതമാനം വളർച്ചയും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കരുത്തുപകർന്നു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 85.0 ശതമാനവും എണ്ണ ഇതര മേഖലകളിൽ നിന്നാണെന്നത് ബഹ്റൈൻ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.
എണ്ണ ഇതര വിഭാഗങ്ങളിൽ 5.4 ശതമാനം വളർച്ചയുമായി റിയൽ എസ്റ്റേറ്റ് മേഖലയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. ധനകാര്യ, ഇൻഷുറൻസ് മേഖലകൾ 5.0 ശതമാനം വളർച്ച രേഖപ്പെടുത്തി തൊട്ടുപിന്നിലെത്തി. ഗതാഗതം, സ്റ്റോറേജ്, നിർമാണ മേഖല എന്നിവ 4.4 ശതമാനം വീതം വളർച്ച കൈവരിച്ചപ്പോൾ നിർമാണ വ്യവസായം 3.9 ശതമാനം വർധന രേഖപ്പെടുത്തി.
മൊത്ത-ചില്ലറ വ്യാപാര മേഖല 3.3 ശതമാനവും, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ രംഗം 2.1 ശതമാനവും വളർച്ച നേടി. ടൂറിസം, ഭക്ഷണ സേവന മേഖലകളിൽ 1.5 ശതമാനം വർധനയുണ്ടായി.
എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ വിവിധ സേവന-നിർമാണ മേഖലകളെ മുൻനിർത്തിയുള്ള ബഹ്റൈന്റെ സാമ്പത്തിക നയങ്ങൾ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.