മനാമ: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തെ അപലപിച്ച് ബഹ്റൈൻ. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സിറിയൻ അറബ് സർക്കാറിനും ബഹ്റൈൻ അനുശോചനം അറിയിച്ചു.
പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിറയക്കുള്ള ഐക്യദാർഢ്യവും രാജ്യത്തിന്‍റെ സുരക്ഷക്കും സ്ഥിരതക്കുമുള്ള പിന്തുണയും മന്ത്രാലയം അറിയിച്ചു. സമാധാനം തകർക്കുന്നതും, ഭയം പരത്തുന്നതും, എല്ലാ മതപരവും ധാർമികവും മാനുഷികവുമായ മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നതുമായ, പ്രത്യേകിച്ച് ആരാധനാലയങ്ങളെയും നിരപരാധികളായ മനുഷ്യരെയും ലക്ഷ്യമിടുന്ന എല്ലാ ആക്രമണങ്ങളെയും ഭീകരതയെയും ശക്തമായി നിരസിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും 80ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡമസ്കസിന്റെ പ്രാന്തപ്രദേശത്തുള്ള മാര്‍ ഏലിയാസ് പളളിയില്‍ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവ ഗുരുതരമാണ്. ഐ.എസ്.ഐ ഗ്രൂപ്പിലെ അംഗമാണ് ചാവേർ ആയി പൊട്ടിത്തെറിച്ചതെന്നാണ് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് സിറിയയില്‍ ചാവേര്‍ ആക്രമണമുണ്ടാകുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.