വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി
ആഗോള സമാധാനത്തിന് പുതിയ ചുവടുവെപ്പ്
മനാമ: ലോകത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച അന്താരാഷ്ട്ര സമിതിയായ ‘പീസ് ബോർഡ്’ ചാർട്ടറിൽ ബഹ്റൈൻ ഒപ്പുവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണപ്രകാരം വാഷിങ്ടണിൽ നടന്ന ചടങ്ങിൽ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശാനുസരണം പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പിട്ടത്.
ബഹ്റൈന്റെ ഈ നീക്കത്തെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി പ്രശംസിച്ചു. രാജ്യത്തിന്റെ ദീർഘവീക്ഷണമുള്ള നയതന്ത്രത്തിന്റെ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതിപൂർണമായ സമാധാനം നടപ്പാക്കുന്നതിനും ബഹ്റൈൻ മുൻഗണന നൽകുന്നുവെന്നും യു.എൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്ന ആവശ്യത്തെ ബഹ്റൈൻ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ ഉറപ്പാക്കുക, മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുക, ഗസ്സയുടെ പുനർനിർമാണം എന്നിവക്കായി ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കും ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അമേരിക്കയുമായുള്ള സമഗ്ര സുരക്ഷാ സംയോജന-സമൃദ്ധി കരാറിന്റെ ഭാഗമായി സുരക്ഷയും വികസനവും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. 2026-2027 കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ താൽക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ടതും പീസ് ബോർഡിലെ അംഗത്വവും അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന്റെ സ്വാധീനം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മതപരമായ സഹിഷ്ണുത, സംവാദം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്റൈൻ തുടർന്നും സജീവമായി ഇടപെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.