മനാമ: സ്വദേശികള്‍ വിവാഹം ചെയ്ത വിദേശി വനിതകൾക്ക് അനുവദിക്കുന്ന വിസ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഉപാധികേളാടെ ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ യു.എ.ഇ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്ന് വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ശക്തതമാക്കുന്നതിന് സന്ദര്‍ശനം കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയിൽ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അതില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും നടത്തിയ ചര്‍ച്ച ആശാവഹമായിരുന്നുവെന്ന് കിരീടാവകാശി യോഗത്തില്‍ വിശദീകരിച്ചു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഏഷ്യന്‍ രാജ്യങ്ങളിൽ നടത്തിയ സന്ദര്‍ശനത്തെ കാബിനറ്റ് പ്രകീര്‍ത്തിച്ചു. വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനും സാമ്പത്തിക^വ്യാപാര^രാഷ്ട്രീയ മേഖലകളില്‍ പുരോഗതി സാധ്യമാക്കാനും സന്ദർശനം വഴിയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി രാജപത്‌നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ നാമധേയത്തില്‍ പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയ നടപടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിവിധ മേഖലകളിൽ സ്ത്രീകളുടെ വളര്‍ച്ചയും അവസര സമത്വവും ഉറപ്പുവരുത്താൻ ഇത്തരം ഉദ്യമങ്ങൾ കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈന്‍ മാതൃകയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപിപ്പിക്കുന്നതിന് അവാര്‍ഡ് പ്രഖ്യാപനം കാരണമാകുമെന്നും കാബിനറ്റ് വിലയിരുത്തി. തീവ്രവാദ സംഘടനകള്‍ക്കെതിരെ ബഹ്‌റൈന്‍ സ്വീകരിച്ച നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ നിലപാടിനെ മന്ത്രിസഭ ശ്ലാഘിച്ചു. മനുഷ്യാവകാശ മേഖലയില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടം വ്യക്തമാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കുന്നതിനും ബഹ്‌റൈന് പിന്തുണ നൽകുന്ന രാഷ്ട്രങ്ങള്‍ക്ക് മന്ത്രിസഭ നന്ദി അറിയിച്ചു. ബഹ്‌റെനെക്കുറിച്ച തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിക്കുന്നവരും അവരെ പിന്തുണക്കുന്നവരും കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും സഭ പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍ലമെൻറ് നിര്‍ദേശം മാനിച്ചാണ് സ്വദേശി പൗരന്‍മാര്‍ വിവാഹം ചെയ്ത വിദേശ സ്ത്രീക്കുള്ള വിസ കാലാവധി അഞ്ച് വര്‍ഷമായി വര്‍ധിപ്പിക്കാന്‍ കാബിനറ്റ് തീരുമാനിച്ചത്. സര്‍ക്കാര്‍ ഭൂമി നിക്ഷേപ സംരംഭങ്ങള്‍ക്കായി നീക്കിവെക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ മന്ത്രിതല നിയമകാര്യ സമിതി നടത്തണമെന്ന് നിര്‍ദേശിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.