മനാമ: അനധികൃത തെരുവുകച്ചവടക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കൾ ചാരിറ്റി സംഘടനകൾ സ്വീകരിക്കാത്തതോടെ ഇത് വലിച്ചെറിയുന്നതായി റിപ്പോർട്ട്. ബലപ്രയോഗത്തിലൂടെ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് അനിസ്ലാമികമാണ് എന്നതിനാലാണ് ചാരിറ്റി സംഘടനകൾ ഇത് സ്വീകരിക്കാത്തതെന്ന് നോർതേൺ മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.മത്സ്യം, പഴങ്ങളും പച്ചക്കറികളും, പാചക എണ്ണ തുടങ്ങിയവയാണ് പിടിച്ചെടുക്കുന്ന സാധനങ്ങളിലുള്ളത്. ചീഞ്ഞുപോകുന്ന സാധനങ്ങളായതിനാൽ, ഇവയിൽ പലതും മൂന്ന് ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. ബഹ്റൈനികളായ തെരുവുകച്ചവടക്കാർക്കായി കിയോസ്കുകൾ ഏർപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നെന്നും എന്നാൽ, അനധികൃത കച്ചവടക്കാർക്കെതിരായ നടപടി പൂർത്തിയാകാതെ ഇത് സാധിക്കില്ലെന്നും നോർത്തേൺ മുനിസിപ്പാലിറ്റി ടെക്നിക്കൽ സർവീസസ് ഡയറക്ടർ ലമ്യ അൽ ഫധല കൗൺസിലിെൻറ പ്രതിവാര യോഗത്തിൽ പറഞ്ഞു.
പിടിച്ചെടുക്കുന്ന സാധനങ്ങൾ സൂക്ഷിക്കാൻ വെയർഹൗസുകളോ റഫ്രിജറേറ്ററുകളോ ഇല്ല എന്നതിനാൽ സാധനങ്ങൾ കേടാവുകയും അത് വലിച്ചെറിയുകയുമാണ് ചെയ്യുന്നത്.ടൺ കണക്കിന് ഭക്ഷണ സാധനങ്ങളാണ് ഇങ്ങളെ പാഴാകുന്നത്.ആദ്യം ഇത് ചാരിറ്റബിൾ സൊസൈറ്റികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് അനിസ്ലാമികമാണെന്ന നിർദേശം ലഭിച്ചതോടെ അവർ കയ്യൊഴിഞ്ഞു. അവരോട് ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കണമെന്ന് നിർബന്ധപൂർവം പറയാനാകില്ല. അതുകൊണ്ട്, അനധികൃത കച്ചവടകാരുടെ സാധനങ്ങൾ പിടിച്ചെടുക്കണോ അതോ അവർക്കെതിരെ നടപടിയെടുക്കുക മാത്രം ചെയ്യണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ആഭ്യന്തര മന്ത്രാലയവും എൽ.എം.ആർ.എയുമായി ചേർന്ന് അനധികൃത വ്യാപാരികൾക്കെതിരെ ഇൻസ്പെകർമാർ നടപടി സ്വീകരിച്ചുവരികയാണ്.
നിയമം ലംഘിച്ച് തെരുവുകച്ചവടം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുകയും പ്രവാസികളാണെങ്കിൽ ഉടൻ നാടുകടത്തുകയും ചെയ്യുന്നുണ്ട്. ചില പ്രതിസന്ധികളുണ്ടെങ്കിലും ഇൗ വിഷയത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. അനധികൃത വ്യാപാരികളെ തെരുവിൽ നിന്ന് നീക്കുകയും പകരം തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ബഹ്റൈനികൾക്ക് കച്ചവടത്തിന് കിയോസ്കുകൾ അനുവദിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.