പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: രാജ്യത്തിന്റെ ഊർജ സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഊർജ-പ്രകൃതി വിഭവങ്ങൾക്കായുള്ള സുപ്രീം കൗൺസിലിന്റെ 33ാമത് യോഗം ചേർന്നു.
രാജ്യത്തിന്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമായ സുസ്ഥിര ഊർജ തന്ത്രങ്ങൾക്കും നൂതനമായ ദേശീയ വികസന പദ്ധതികൾക്കും യോഗം അംഗീകാരം നൽകി.
പരിസ്ഥിതി സൗഹൃദവും കൂടുതൽ കാര്യക്ഷമവുമായ ഊർജ സ്രോതസ്സുകളിലേക്കുള്ള ബഹ്റൈന്റെ പരിവർത്തനത്തിന് വേഗം കൂട്ടുന്ന തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുനരുപയോഗ ഊർജ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ബഹ്റൈന്റെ പ്രതിജ്ഞാബദ്ധത പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ യോഗത്തിൽ ഊന്നിപ്പറഞ്ഞു.
പ്രകൃതി വിഭവങ്ങളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും കാര്യക്ഷമമായ വിനിയോഗവും ഉറപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹരിത ഊർജ പദ്ധതികൾക്ക് മുൻഗണന നൽകുന്നതിലൂടെ ആഗോള പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പംതന്നെ രാജ്യത്തിന്റെ ഊർജ ഉപഭോഗത്തിൽ വൻ ലാഭം ഉണ്ടാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
രാജ്യത്തെ നിലവിലുള്ള ഊർജ സ്രോതസ്സുകളുടെ അവസ്ഥയും വരാനിരിക്കുന്ന പുതിയ പദ്ധതികളുടെ പുരോഗതിയും യോഗം വിശദമായി വിലയിരുത്തി. ഭാവിയിലെ ഊർജ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ നിക്ഷേപങ്ങൾക്കും യോഗം പച്ചക്കൊടി കാട്ടി.
ഊർജ സംരക്ഷണത്തിനായുള്ള ബോധവത്കരണ പരിപാടികൾക്കും നൂതനമായ എനർജി എഫിഷ്യന്റ് പദ്ധതികൾക്കും കൂടുതൽ കരുത്ത് പകരാൻ യോഗം തീരുമാനിച്ചു.
ബഹ്റൈൻ വിഷൻ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതികൾ രാജ്യത്തെ ലോകോത്തര നിലവാരത്തിലുള്ള ഊർജ ഹബാക്കി മാറ്റാൻ സഹായിക്കുമെന്ന് കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. ഗവൺമെന്റ് നടപ്പാക്കുന്ന ഇത്തരം സുപ്രധാന നീക്കങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും വലിയ തോതിൽ സഹായകരമാകും. ഉന്നതതല ഉദ്യോഗസ്ഥരും സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.