രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കുവൈത്ത് സാംസ്കാരിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈനും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബഹ്റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഹമദ് രാജാവ്. ബഹ്റൈനും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും വിവിധ മേഖലകളിലെ സഹകരണത്തെയും രാജാവ് പ്രശംസിച്ചു.
മാധ്യമം, സംസ്കാരം, കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നൽകുന്ന പിന്തുണയെ ഹമദ് രാജാവ് അഭിനന്ദിച്ചു.
കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനുമുള്ള കുവൈത്ത് അമീറിന്റെ ആശംസകൾ മന്ത്രി അൽ മുതൈരി ഹമദ് രാജാവിനെ അറിയിച്ചു. മറുപടിയായി, കുവൈത്ത് അമീറിനും അവിടുത്തെ ജനങ്ങൾക്കും ഹമദ് രാജാവ് തിരിച്ചും ആശംസകൾ നേർന്നു. തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി ഹമദ് രാജാവിനോട് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഹമദ് രാജാവ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.