മനാമ: ബഹ്റൈനിലെ പ്രവാസി കേരളീയര്‍ക്കായി ബഹ്റൈൻ കേരളീയ സമാജം നോർക്ക റൂട്ട്സുമായി ചേർന്ന് സംഘടിപ്പിച്ച ഓപൺ ഫോറം സമാജം ബാബു രാജൻ ഹാളില്‍ നടന്നു. നോര്‍ക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്മാന് ശ്രീരാമകൃഷ്ണന്, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഓപൺ ഹൗസിൽ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും തൊഴിലാളികളുമടക്കം നിരവധി പേർ പങ്കെടുത്തു.
പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക വകുപ്പും ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സും മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.
പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നോർക്ക നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് സി.ഇ.ഒ അജിത്ത് കോളശ്ശേരി മറുപടി നൽകി.തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 10,000 പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതായും തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള നോര്‍ക്ക പദ്ധതിയായ എന്‍.ഡി.പി.ആര്.ഇ.എം മുഖേന 1,400 പദ്ധതികളും പ്രവാസി ഭദ്രതാ പദ്ധതി പ്രകാരം 8,600 ലേറെ പദ്ധതികളും തുടങ്ങാനായതായും യോഗത്തിൽ വിശദീകരിച്ചു.
സബ്സിഡിയുള്ള വായ്പകള്‍ ഉപയോഗപ്പെടുത്തിയാണ് സംരംഭകര്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നത്. കമ്പനികളുടെ പ്രവര്‍ത്തന മൂലധനത്തിനും പലിശയിനത്തിലും സബ്സിഡി അനുവദിക്കുന്നത് സംരംഭകരെ ഈ പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രവാസി ഭദ്രതാ പദ്ധതിയില്‍ രണ്ടു ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് വായ്പ നല്‍കുന്നത്. എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയില്‍ 30 ലക്ഷം രൂപ വരെയും നല്കുന്നു. മൂലധന സബ്സിഡിയായി മൂന്നു ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. പലിശയില്‍ മൂന്നു ശതമാനം സബ്സിഡിയുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രവാസികളുടെ മക്കളുടെ തുടര്‍ പഠനത്തിനായി നോര്‍ക്ക ഡയറക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പും നൽകിവരുന്നതായി സി.ഇ.ഒ അറിയിച്ചു.
നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ പുതിയ വെബ്സൈറ്റിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പരാതികൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയായി ഭാരവാഹികൾ അറിയിച്ചു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.സമാജം നോർക്ക ബി.കെ.എസ് ഇൻചാർജ് വർഗീസ് ജോർജ്, കോഓഡിനേറ്റർ കെ.ടി.സലിം, കൺവീനർ സക്കറിയ ടി.എബ്രഹാം എന്നിവരാണ് ഓപൺ ഹൗസിന്റെ ഏകോപനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.