മനാമ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ അറബ് രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് ബഹ്റൈൻ.വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ടൂറിസം സേഫ്റ്റി ഇൻഡക്സിലാണ് ഈ നേട്ടം. ഏഴിൽ ആറ് പോയന്റ് നേടിയാണ് ബഹ്റൈൻ ഈ സ്ഥാനം കരസ്ഥമാക്കിയത്. 6.12 പോയന്റ് നേടി യു.എ.ഇയും 6.07 പോയന്റ് നേടി ഖത്തറുമാണ് ബഹ്റൈന് മുന്നിലുള്ളത്. ഒന്ന് മുതൽ ഏഴ് വരെയാണ് സുരക്ഷാ സൂചികയിലെ പോയന്റുകൾ. ഒരു രാജ്യം എത്രത്തോളം സുരക്ഷിതമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ടൂറിസം മേഖലയിൽ ബഹ്റൈൻ നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. രാജ്യത്തിന്റെ ടൂറിസം നിയമങ്ങൾ പരിഷ്കരിച്ചതും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും ഇതിൽ പ്രധാനമാണ്. കൂടാതെ, രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ, തുറന്ന സമീപനം, സമ്പന്നമായ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം എന്നിവയും ബഹ്റൈന്റെ ഈ സ്ഥാനത്തിന് സഹായകമായി. പ്രമുഖ കായിക മത്സരങ്ങളും സംഗീത പരിപാടികളും സംഘടിപ്പിച്ചതും കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിച്ചു.
സൂചികയിൽ സൗദി അറേബ്യ 5.85 പോയന്റുമായി നാലാം സ്ഥാനത്തും ഈജിപ്ത് 5.20 പോയന്റുമായി അഞ്ചാം സ്ഥാനത്തും ഒമാൻ 5.02 പോയന്റുമായി ആറാം സ്ഥാനത്തും, ജോർഡൻ 5.00 പോയന്റുമായി ഏഴാം സ്ഥാനത്തും എത്തി. മൊറോക്കോ (4.85), തുനീഷ്യ (4.30), കുവൈത്ത് (4.20), അൽജീരിയ (4.10), ലബനാൻ (4.05) എന്നീ രാജ്യങ്ങളാണ് യഥാക്രമം എട്ടുമുതൽ പന്ത്രണ്ടുവരെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.