ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരിത്രനേട്ടം

മനാമ: ചരിത്രത്തിലെ ഏറ്റവും മികച്ച വാർഷിക പ്രകടനം രേഖപ്പെടുത്തി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം. 2025ലെ കണക്കുകൾ പ്രകാരം യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും വലിയ വളർച്ചയാണുണ്ടായത്. 2025ൽ മാത്രം 9.74 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളംവഴി കടന്നുപോയത്. 2024നെ അപേക്ഷിച്ച് 4.2 ശതമാനത്തിന്റെ വർധനവാണിത്. വിമാനത്താവളം കൈകാര്യംചെയ്ത ചരക്കിന്റെ അളവ് 405,217 ടൺ ആയും ഉയർന്നു. ബഹ്‌റൈനിൽ നിന്നുള്ള കണക്ടിവിറ്റി ആറ് ഭൂഖണ്ഡങ്ങളിലായി 74 സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരുന്നു. 39 വിമാനക്കമ്പനികളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ലണ്ടൻ ഗാറ്റ്‌വിക്, ന്യൂയോർക്ക്, നെയ്‌റോബി, ബുക്കാറെസ്റ്റ്, അഷ്ഗാബാദ് (തുർക്ക്മെനിസ്ഥാൻ) എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകളും ആരംഭിച്ചു.

സിംഗപ്പൂർ, ബംഗളൂരു, അബൂദബി, നജാഫ്, ഷാർജ എന്നിവയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങൾ. 1927ൽ ആദ്യ ചാർട്ടേഡ് വിമാനം ഇറങ്ങിയത് മുതൽ ബഹ്‌റൈൻ വ്യോമയാനരംഗത്ത് സജീവമാണ്. 1932ൽ വാണിജ്യ വിമാന സർവിസ് ആരംഭിച്ചതോടെ, ജി.സി.സിയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ബഹ്‌റൈൻ മാറി. നിലവിൽ 2,10,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക വിമാനത്താവളത്തിന് പ്രതിവർഷം 14 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.‌

Tags:    
News Summary - Bahrain International Airport makes history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.