മനാമ: 2026-ലെ നുംബിയോ മിഡ്-ഇയർ സേഫ്റ്റി ഇൻഡക്സിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ മുൻനിരയിൽ ഇടംപിടിച്ച് ബഹ്‌റൈൻ. ലോകമെമ്പാടുമുള്ള സുരക്ഷാ സൂചികയിൽ 11-ാം സ്ഥാനത്താണ് ബഹ്‌റൈൻ എത്തിയത്. അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനവും രാജ്യം സ്വന്തമാക്കി.
100-ൽ 77.7 പോയിൻ്റ് സ്കോർ ചെയ്താണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്. കുറ്റകൃത്യങ്ങളുടെ നിരക്ക് 22.3 ശതമാനമായി കുറക്കാൻ രാജ്യത്തിന് സാധിച്ചു. യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവയാണ് അറബ് രാജ്യങ്ങളിൽ ബഹ്‌റൈന് മുന്നിലുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സുരക്ഷാ സൂചികയിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ബഹ്‌റൈന് സാധിച്ചു. 2025-ൽ 15-ാം സ്ഥാനത്തും അതിനു മുൻപുള്ള വർഷം 16-ാം സ്ഥാനത്തുമായിരുന്നു ബഹ്‌റൈൻ.
സുരക്ഷാ സ്കോറിൽ 2.5 പോയിൻ്റിൻ്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷയുടെ കാര്യത്തിൽ ബഹ്‌റൈൻ ജനതക്കുളള അതീവ ആത്മവിശ്വാസമാണ് സൂചികയിൽ പ്രതിഫലിക്കുന്നത്. തനിച്ച് നടക്കാനുള്ള സുരക്ഷക്ക് ഉയർന്ന പോയിൻ്റാണ് ബഹ്‌റൈൻ നേടിയത്. കവർച്ച, കാർ മോഷണം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ബഹ്‌റൈനിൽ വളരെ കുറവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 25 വർഷത്തിനിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് 30 ശതമാനത്തോളം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.