ചടങ്ങിൽ പങ്കെടുക്കുന്ന ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: രാജ്യത്തെ സുരക്ഷക്കും സമാധാനത്തിനും രാപ്പകലില്ലാതെ ശ്രമിക്കുന്ന ബഹ്റൈൻ റോയൽ പൊലീസ് സംഘത്തിലേക്ക് കരുത്തരായ 114 ഓഫീസർമാർ കൂടി. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ റോയൽ പോലീസ് അക്കാദമിയിൽ സംഘടിപ്പിച്ച 14-ാമത് ബാച്ച് സർവകലാശാലാ ഓഫീസർ കേഡറ്റുകളുടെ ബിരുദദാന ചടങ്ങിലാണ് അക്കാദമിക്, പോലീസ് യോഗ്യതകൾ പൂർത്തിയാക്കിയ പൊലീസ് ഓഫീസർമാർ ബിരുധം സ്വീകരിച്ച് പുറത്തിറങ്ങിയത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ചുക്കാൻ പിടിക്കുന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോട് മന്ത്രി നന്ദി രേഖപ്പെടുത്തി. ബഹ്‌റൈന്റെ പ്രതിരോധ ശേഷിയും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിൽ രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വം വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ സുരക്ഷാ നടപടികളെയും മന്ത്രി അഭിനന്ദിച്ചു.
മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പൊലീസ് സംവിധാനത്തിന് കൂടുതൽ കരുത്ത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ബഹ്‌റൈന്റെ സുരക്ഷാ സേനയുടെ ഭാഗമാകുന്ന പുതിയ ഓഫീസർമാർക്ക് രാജ്യത്തിന്റെ സംരക്ഷണത്തിൽ വലിയ ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹയർ ഡിപ്ലോമ ഇൻ ലോ ആൻഡ് പൊലീസ് സയൻസസ്, ഡിപ്ലോമ ഇൻ ക്രിമിനൽ ആൻഡ് പൊലീസ് സയൻസസ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയവരാണ് പുതിയ ബാച്ചിലുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് അക്കാദമി നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആധുനിക കാലഘട്ടത്തിലെ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പോലീസ് സേന കൂടുതൽ സജ്ജമാകണമെന്ന് റോയൽ പോലീസ് അക്കാദമി കമാൻഡന്റ് മേജർ ജനറൽ ഫവാസ് അൽ ഹസൻ പറഞ്ഞു. ഭാവിയിലെ സുരക്ഷാ പ്രവർത്തനങ്ങൾ സാങ്കേതികവിദ്യയെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും അധിഷ്ഠിതമാണെന്നും, അത് അക്കാദമിയുടെ പരിശീലന രീതികളിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച നിയമ-പോലീസ് പരിജ്ഞാനവും നേതൃത്വപാടവവും നൽകുന്ന സമഗ്രമായ പരിശീലനമാണ് അക്കാദമി നൽകുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം, മികവ് പുലർത്തിയ കേഡറ്റുകളെ മന്ത്രി ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.