വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി വ്യവസായ-വാണിജ്യ മന്ത്രാലയം; നിയമലംഘനം നടത്തിയ സ്ഥാപനം അടച്ചുപൂട്ടി

മനാമ: ബഹ്‌റൈനിലെ വിപണികളിൽ സുതാര്യത ഉറപ്പാക്കുന്നതിനും നിയമങ്ങൾ ലംഘിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി വ്യവസായ-വാണിജ്യ മന്ത്രാലയം പരിശോധനകൾ കർശനമാക്കി. രാജ്യത്തുടനീളമുള്ള വിവിധ വാണിജ്യ കേന്ദ്രങ്ങളിൽ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന നാല് പ്രധാന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ സാധനങ്ങളുടെ വില പ്രദർശിപ്പിക്കാതിരിക്കുക, ഷെൽഫിലെ വിലയും ബില്ലിംഗ് കൗണ്ടറിലെ വിലയും തമ്മിൽ വ്യത്യാസം കാണിക്കുക, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി വെക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. 2012-ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെത്തുടർന്ന് ഈ സ്ഥാപനങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കുകയും നിയമപരമായ ചട്ടങ്ങൾ പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

 

ഇതിനിടെ, സതേൺ ഗവർണറേറ്റിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ വിലയുമായി ബന്ധപ്പെട്ട കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ കൂടുതൽ കർശന നടപടികളിലേക്ക് കടന്നു. മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടും നിയമങ്ങൾ പാലിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് ഈ സ്ഥാപനം അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു.

 

വിപണിയിലെ സ്ഥിരത നിലനിർത്താനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് Inspection@moic.gov.bh എന്ന ഇമെയിൽ വഴിയോ, 'തവാസുൽ' ആപ്പ് വഴിയോ, 17111225 എന്ന വാട്സാപ്പ് നമ്പർ വഴിയോ പരാതിപ്പെടാവുന്നതാണ്.

Tags:    
News Summary - Ministry of Commerce Intensifies Inspections: Violating Establishment Shut Down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.