ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ

മനാമ: ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർഡാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. സാധാരണക്കാരുടെ ജീവനും പ്രാദേശിക സ്ഥിരതക്കും ഭീഷണിയായുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളുടെയും ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണത്തിനിരയായ രാജ്യങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ബഹ്‌റൈൻ, തങ്ങളുടെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന എല്ലാ നിയമപരമായ നടപടികളെയും പിന്തുണക്കുമെന്ന് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ 51-ാം അനുച്ഛേദത്തിന്റെയും ജി.സി.സി സംയുക്ത പ്രതിരോധ കരാറിന്റെയും അടിസ്ഥാനത്തിൽ ഇതിനുള്ള അവകാശം ഈ രാജ്യങ്ങൾക്കുണ്ട്. ഇറാനിയൻ ആക്രമണങ്ങളെ തടയുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സും പ്രാദേശിക വ്യോമ പ്രതിരോധ സംവിധാനങ്ങളും കാണിച്ച ആർജവത്തെ മന്ത്രാലയം അഭിനന്ദിച്ചു.

ഇറാനിയൻ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവർത്തിച്ചു. ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള സമാധാനം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി, അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും അനുസൃതമായി ഇറാന് പൂർണ്ണ ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bahrain strongly condemns Iran's attacks against Gulf countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.