മനാമ: ജോലി ലഭിക്കുന്നതിനോ കരിയറിൽ ആനുകൂല്യങ്ങൾ നേടുന്നതിനോ വേണ്ടി വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ബഹ്‌റൈൻ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്ന് അഭിഭാഷക മനൽ ദാഹി. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് തൊഴിൽ കരാർ അടിയന്തരമായി അവസാനിപ്പിക്കാനും നോട്ടീസോ നഷ്ടപരിഹാരമോ കൂടാതെ പിരിച്ചുവിടാനും തൊഴിലുടമക്ക് നിയമപരമായ അധികാരം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

തൊഴിൽ വിപണിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനായി ബഹ്‌റൈനിലെ നിയമങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം തൊഴിലുടമകളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, യഥാർത്ഥ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയും അക്കാദമിക് യോഗ്യതകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നത് ബഹ്‌റൈൻ പീനൽ കോഡ് പ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്വകാര്യ രേഖകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജ രേഖകൾ മനഃപൂർവം ഉപയോഗിക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്. സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 107 പ്രകാരം, വ്യാജ രേഖകൾ സമർപ്പിക്കുകയോ തെറ്റായ വ്യക്തിത്വം സ്വീകരിക്കുകയോ ചെയ്താൽ തൊഴിലുടമക്ക് നോട്ടീസ് നൽകാതെ തന്നെ ജീവനക്കാരനെ പിരിച്ചുവിടാം.

പീനൽ കോഡിന്റെയും തൊഴിൽ നിയമത്തിന്റെയും വ്യവസ്ഥകൾ പ്രകാരം, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നത് ജോലി നഷ്ടപ്പെടുന്നതിനൊപ്പം ക്രിമിനൽ നടപടികൾക്കും ജയിൽ ശിക്ഷക്കും കാരണമാകുമെന്ന് മനൽ ദാഹി ഓർമ്മിപ്പിച്ചു. തൊഴിലിടങ്ങളിൽ മെറിറ്റും നീതിയും ഉറപ്പാക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും, അക്കാദമിക് യോഗ്യതകളുടെ ആധികാരികത പരിശോധിക്കാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ യോഗ്യതകളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നത് അധികൃതരുടെയും തൊഴിലുടമകളുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Using fake degree certificates in Bahrain is a serious crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-17 10:15 GMT
access_time 2026-07-17 10:09 GMT