മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് ബലിക്കും ഭക്ഷണത്തിനുമാവശ്യമായ മൃഗങ്ങളെ ഇറക്കുമതി ചെയ്ത് ബഹ്റൈൻ. ഏകദേശം 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ബലിയർപ്പിക്കാനായി ഇനിയും 17,000 മൃഗങ്ങൾകൂടി ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടർസെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു.1541 ടൺ ശീതീകരിച്ച റെഡ് മീറ്റും 5299 ടൺ ശീതീകരിച്ച കോഴിയിറച്ചിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. റെഡ് മീറ്റും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യാൻ 228 ലൈസൻസുകൾ നൽകിയിട്ടുമുണ്ട്.
പെരുന്നാളിനായി മന്ത്രാലയം പൂർണമായും തയാറെടുത്തിട്ടുണ്ട്. കന്നുകാലികളെ പരിശോധിക്കാൻ വെറ്ററിനറി ഡോക്ടർമാർ സജ്ജരാണ്. പരിശോധനാ പ്രക്രിയ വേഗത്തിലാക്കാൻ കശാപ്പുശാലയിലെ ഡോക്ടർമാരുമായി ഏകോപനമുണ്ടാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ഇറക്കുമതി ചെയ്യുന്ന എല്ലാ ജീവനുള്ള മൃഗങ്ങളുടെയും മാംസത്തിന്റെയും സാമ്പിളുകൾ ലബോറട്ടറികളിൽ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖലീഫ ബിൻ സൽമാൻ തുറമുഖം, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഫഹദ് കോസ്വേ തുടങ്ങിയിടങ്ങളിൽ മൃഗങ്ങളുടെയും മാംസത്തിന്റെയും ഇറക്കുമതിയും കയറ്റുമതിയും നിരീക്ഷിക്കുന്നതിനായി ഏകദേശം 25 വെറ്ററിനറി ഡോക്ടർമാരും ടെക്നീഷ്യന്മാരും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.