ഫാഷിസം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി –മുഹമ്മദ്​ സലിം എം.പി

മനാമ: ഫാഷിസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് വർത്തമാനകാല ഇന്ത്യ നേടിയുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള ലോകസഭ എം.പിയും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീം പറഞ്ഞു. ബഹ്റൈൻ സന്ദർശനത്തിനിടെ  ‘ഗൾഫ് മാധ്യമം’ ബ്യൂറോയിലെത്തിയപ്പോഴാണ് അദ്ദേഹം സമകാലിക ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് സംസാരിച്ചത്. മതവികാരത്തെ പരമാവധി ചൂഷണം ചെയ്യുക എന്ന തന്ത്രമാണ് ഹിന്ദുത്വശക്തികൾ പയറ്റുന്നത്.

ഇതിനെ ആഗോളവത്കരണത്തിനോടൊപ്പം നീങ്ങുന്ന സാമ്പത്തിക നയങ്ങളുമായി കണ്ണിചേർത്തുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എല്ലാ രംഗത്തും വൈരുധ്യങ്ങളും ഇരട്ട നിലപാടുകളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി യാതൊരു മടിയുമില്ലാതെ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യുന്ന ശക്തികൾ എല്ലാ മേഖലയിലും കൈകോർക്കുന്നു.സമ്പദ്വ്യവസ്ഥ പൂർണമായും മുതലാളിത്തവത്കരിക്കുകയും പ്രാദേശികമായ വർഗീയത വളർത്തുകയും ചെയ്യുന്ന ലജ്ജാകരമായ അവസ്ഥയാണുള്ളത്.

ഹിന്ദുത്വം എന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണ്. വൈകാരികത ഇളക്കിവിട്ടാണ് അത് നിലനിൽക്കുന്നത്. ഭൂരിപക്ഷത്തി​െൻറ താൽപര്യങ്ങൾക്കുവേണ്ടി മാത്രം നയങ്ങൾ രൂപവത്കരിക്കപ്പെടുന്നു.ജനങ്ങളെ നിർണയിക്കുന്നത്,അവരെ വിലയിരുത്തുന്നത്,അവരുടെ വിശ്വാസം പരിഗണിച്ചാണ് എന്ന് വരുന്നു. 
ആരാണ് ഗോമാംസം ഭക്ഷിക്കുന്നത് എന്ന് ചികഞ്ഞ് നയം രൂപവത്കരിക്കുന്ന രീതി പരിഹാസ്യമാണ്. ഹിന്ദുത്വത്തിനെതിരായ പോരാട്ടം എല്ലാ അർഥത്തിലും രാഷ്ട്രീയ പോരാട്ടമാണ്. അത് കേവലം വ്യക്തികൾ തമ്മിലുള്ളതായി ചുരുങ്ങാൻ പാടില്ല എന്നതാണ് ഇടതുപക്ഷ നിലപാട്. മുലായം സിങും ആദിത്യനാഥും രാഹുലും മോദിയും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലല്ല കാര്യങ്ങൾ സംഭവിക്കേണ്ടത്. രാഷ്ട്രീയ പോരാട്ടത്തെ വ്യക്തികേന്ദ്രീകൃത സംഘട്ടനമായി ചുരുക്കുന്നതിൽ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. 

മോദിയോട് ഏറ്റുമുട്ടാൻ ആരാണുള്ളത് എന്ന ചോദ്യത്തെപ്പോലും ഇങ്ങനെയാണ് കാണേണ്ടത്.രാഷ്ട്രീയം ഒരു തരത്തിലും ഡബ്ല്യു.ഡബ്ല്യു.എഫ് പോരാട്ടമല്ല. അത് മല്ലയുദ്ധവുമല്ല. നയങ്ങളുടെ അടിസ്ഥാനത്തിലുള്ള യോജിപ്പും വിയോജിപ്പുമാണ് രാഷ്ട്രീയം.അതാണ് നടക്കേണ്ടത്.    ആർ.എസ്.എസ് വിദ്വേഷത്തി​െൻറ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്.യാതൊരുമടിയുമില്ലാതെ ചരിത്രം വളച്ചൊടിച്ച് അവതരിപ്പിക്കുക എന്നതാണ് അവരുടെ രീതി. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്.അതിന് നേതാക്കളുടെ ബദൽ ഉയർത്തുക എന്ന കാര്യത്തിലല്ല ഞങ്ങൾ വിശ്വസിക്കുന്നത്. അത് ഞങ്ങളുടെ രീതിയല്ല. മറിച്ച് ചരിത്ര സാധുതയുള്ള, മതനിരപേക്ഷ സ്വഭാവമുള്ള പ്രതിവാദങ്ങൾ ഉയർത്തുക എന്നതാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ഗൗരവമായി സമീപിക്കുന്നവർ ഇതിനായി കൃത്യമായ ഒരു പദ്ധതി തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. 

എല്ലാ അർഥത്തിലും മതനിരപേക്ഷമാവുക എന്നതാണ് ഇതി​െൻറ ഏറ്റവും അടിസ്ഥാനപരമായ  യോഗ്യത.ഫാഷിസം മറ്റൊരിടത്തുനിന്ന് കെട്ടിയിറക്കുന്ന ഒന്നല്ല. 
ഒരു പ്രത്യേക സമൂഹത്തിനകത്ത് രൂപപ്പെടുന്നതാണ്. ജർമനിയിൽ ഫാഷിസം വന്നത് റഷ്യയിൽ നിന്നല്ല. അഫ്ഗാനിൽ തീവ്രവാദികൾ ഭരണം കൈയടക്കിയതും പൊതുസമൂഹത്തിൽ സ്വാധീനമുണ്ടാക്കിയതും പുറമെ നിന്നെത്തിയല്ല.

ബംഗ്ലാദേശിലും നടക്കുന്ന കാര്യങ്ങൾ മറിച്ചല്ല. ലിബറൽ സമീപനമുള്ളവരും യാഥാസ്ഥിതകരും തമ്മിലാണ് എവിടെയും ഏറ്റുമുട്ടലുണ്ടാകുന്നത്.
  പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഗുണ്ടകളുടെ മാഫിയയുടെയും കയ്യിലാണെന്നും അവർ ലക്ഷ്യമിടുന്നത് സി.പി.എം പ്രവർത്തകരെയാണെന്നും മുഹമ്മദ് സലിം പറഞ്ഞു. സി.പി.എം. ദീർഘകാലം ബംഗാൾ ഭരിച്ചു. അന്നവിടെ പ്രതിപക്ഷമുണ്ടായിരുന്നു. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പ്രതിപക്ഷത്തെ അരിഞ്ഞുതള്ളുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്.താഴെക്കിടയിൽ പ്രവർത്തകർ പിടിച്ചുനിൽക്കുകയും മുന്നേറ്റം നടത്തുകയും ചെയ്യുന്നുണ്ട്. അത് മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് സി.പി.എമ്മുകാരെ കൊന്ന് തീർക്കുമെന്നും അതോടെ, തങ്ങൾക്ക് അവിടേക്ക് രംഗപ്രവേശനം നടത്താനാകുമെന്നുമുള്ള നിലപാടാണ് ആർ.എസ്.എസും ബി.ജെ.പിയും സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് നിയമവാഴ്ച പാടെ അട്ടിമറിക്കപ്പെട്ടു. ഒരാൾക്ക് തെരഞ്ഞെടുപ്പിൽ നോമിനേഷൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുകയാണ്. ഇതിനെ അതിജീവിക്കാനാകും എന്നാണ് സി.പി.എം കരുതുന്നത്. ബംഗാളിൽ തൃണമൂലും വർഗീയ,വിഭജന രാഷ്ട്രീയം കളിച്ചുതുടങ്ങിയിട്ടുണ്ട്. 
ബി.ജെ.പി രാമനവമി നടത്തുേമ്പാൾ തൃണമൂൽ ഹനുമാൻ പൂജ നടത്തുകയാണ്. ഹനുമാൻ രാമഭക്തനാണ് എന്ന കാര്യം എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ എന്നും പരിഹാസരൂപേണ മുഹമ്മദ് സലിം പറഞ്ഞു.

   ഇന്ത്യൻ-ബഹ്റൈൻ വാരാഘോഷത്തി​െൻറ ഭാഗമായി ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രിയുടെ ക്ഷണ പ്രകാരമാണ് ഇന്ത്യൻ സംഘം ബഹ്റൈനിലെത്തിയത്. ഇതിൽ പാർലെമൻറി​െൻറ വിദേശകാര്യ സ്റ്റാൻറിങ് കമ്മിറ്റി അംഗമായ മുഹമ്മദ് സലിമിന് പുറമെ, തെലങ്കാനയിൽ നിന്നുള്ള ഗോവർധൻ റെഡ്ഡി, ലക്ഷദ്വീപിൽ നിന്നുള്ള പി.പി. മുഹമ്മദ് ഫൈസൽ എന്നീ എം.പിമാരുമുണ്ടായിരുന്നു.

News Summary - bahrain Fascism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.