കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി കൂടിക്കാഴ്ചക്കിടെ

ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ കിരീടാവകാശി

മനാമ: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ. ആരോഗ്യ രംഗത്ത് രാജ്യം കൈവരിച്ച അപൂർവ നേട്ടങ്ങളെ ടെഡ്രോസ് അഭിനന്ദിച്ചു. ചികിത്സാവൈവിധ്യങ്ങൾ വർധിപ്പിച്ചും കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കിയും ആരോഗ്യമേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ വീക്ഷണങ്ങളും കിരീടാവകാശി ടെഡ്രോസുമായി പങ്കുവെച്ചു.

ദേശീയ വികസനത്തിന്‍റെ പ്രധാന തൂണായ ആരോഗ്യമേഖലയെ നവീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളെ കിരീടാവകാശി ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക പുരോഗതികൾ ഉൾക്കൊണ്ട് തന്നെ മികച്ച ആരോഗ്യ സംരക്ഷണവും മെഡിക്കൽ സേവനങ്ങളും നൽകുന്നതിനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത‍യും കിരീടാവകാശി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളുമായും സംഘടനകളുമായും രാജ്യം അനുവർത്തിച്ചുപോരുന്ന പങ്കാളിത്തവും സഹകരണവും, അതുവഴി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വൈദഗ്ധ്യം വർധിപ്പിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും കഴിയുന്നുണ്ടെന്നും കിരീടാവകാശി പറഞ്ഞു.

രാജ്യത്തെ ആരോഗ്യ മേഖലയിലെ നാഴികക്കല്ലായി മാറിയ അരിവാൾ രോഗ ചികിത്സയിലെ നേട്ടം, തുടങ്ങി ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ചചെയ്തു. യു.എസിന് പുറത്ത് അരിവാൾ രോഗം അത്യാധുനിക സംവിധാനങ്ങളോടെ ഭേദമാക്കുന്ന ആദ്യ രാജ്യമായി മാറി ആരോഗ്യമേഖലയിൽ അപൂർവ നേട്ടം ബഹ്റൈൻ കൈവരിച്ചിരുന്നു. ബഹ്റൈനിലെ ഓങ്കോളജി സെന്‍ററിൽ നടന്ന ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യയിലൂടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാണ് 24കാരനായ സ്വദേശി യുവാവിനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്. ഈ അവസരത്തിൽ മികച്ച ഘടനാപരമായ പദ്ധതികളിലൂടെയും ശാസ്ത്രത്തിന്‍റെ ഒത്തൊരുമയിലൂടെയും രാജ്യത്തെ ആരോഗ്യരംഗം വളർത്തേണ്ടതിന്‍റെ ലക്ഷ്യവും പ്രാധാന്യവും കിരീടാവകാശി ചൂണ്ടിക്കാട്ടി. കൂടാതെ ഡബ്യു.എച്ച്.ഒയുമായുള്ള സഹകരണത്തെക്കുറിച്ചും അത് വളർത്തേണ്ടതിന്‍റെ പ്രതിബദ്ധതയും അദ്ദേഹം ടെഡ്രോസിനെ അറിയിച്ചു.

ലോകാരോഗ്യ സംഘടനയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിലുള്ള രാജ്യ താൽപര്യത്തെ അഭിനന്ദിച്ച ഡയറക്ടർ ജനറൽ ബഹ്റൈന്‍റെ പുരോഗതിക്കായി ആശംസയും അറിയിച്ചു. ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കാളികളായി.

Tags:    
News Summary - Bahrain Crown Prince met with WHO Director General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.