മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ബി.സി.സി.ഐ) 31-ാം ഭരണസമിതി തിരഞ്ഞെടുപ്പിനൊരുങ്ങി ‘ഇസ്തിദാമ’ ബ്ലോക്ക്.
നബീൽ ഖാലിദ് കാനുവിന്‍റെ നേതൃത്വത്തിലുള്ള ടീം നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതോടെ മത്സരത്തിനും പ്രചരണത്തിനും കൂടുതൽ ചൂടുപിടിച്ചിരിക്കയാണ്. സനാബിസിലെ ചേംബർ ആസ്ഥാനത്ത് ശനിയാഴ്ചയായിരുന്നു പത്രികാ സമർപ്പണം. ബഹ്‌റൈനിലെ പ്രമുഖ വ്യവസായ കുടുംബങ്ങളിലെ പ്രതിനിധികളും യുവ സംരംഭകരും പ്രൊഫഷണലുകളും അടങ്ങുന്ന 18 അംഗ മികച്ച നിരയാണ് ഇത്തവണ ഇസ്തിദാമ ബ്ലോക്കിനായി അണിനിരക്കുന്നത്. മാർച്ച് 28ന് സാഖീറിലെ എക്‌സിബിഷൻ വേൾഡിൽ വെച്ചാണ് തിരിഞ്ഞെടുപ്പ്. രാജ്യത്തെ മുഴുവൻ ബിസിനസ് പ്രതിനിധികളും തിരഞ്ഞെടുപ്പിൽ സജീവമായി പങ്കുചേരണമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വ്യാപാരികളെ നേരിൽ കണ്ട് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചർച്ച ചെയ്യുമെന്നും നബീൽ കാനു പറഞ്ഞു. ബഹ്‌റൈനിൽ ബിസിനസ് നടത്തുന്ന മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാർക്ക് വോട്ടവകാശമുള്ളതിനാൽ ഇവരുടെ വോട്ടും നിർണായകമാണ്.
റശാദ് ഇബ്രാഹീം സൈനൽ
നബീൽ ഖാലിദ് കാനുവിനെ കൂടാതെ മുഹമ്മദ് അൽ കൂഹെജി, നവാഫ് അൽ സയാനി, യൂസഫ് സലാഹുദ്ദീൻ, സോണിയ ജനാഹി, സൗസൻ അബുൽ ഹസ്സൻ, അബീർ അൽ മൊഈദ്, അഹമ്മദ് അൽ സല്ലൂം, ജമീൽ അൽ ഗാന, പ്രൊഫ. വഹീബ് അൽ ഖാജ, അബ്ദുൽ വഹാബ് അൽ ഹവാജ്, മുഹമ്മദ് ആദിൽ ഫഖ്റൂ, ഷാക്കർ അൽ ഹെല്ലി, റശാദ് ഇബ്രാഹീം സൈനൽ, മുഹമ്മദ് നാദർ ദിവാനി, ഹസ്സൻ ബദർ കൈക്സോ, ഖാലിദ് അബ്ദുൽ റഹ്മാൻ ജുമുഅ, ഖാലിദ് അലി അബ്ദുറഹ്മാൻ എന്നിവരാണ് ‘ഇസ്തിദാമ’ പാനലിലുള്ളത്.ബഹ്‌റൈന്‍റെ സാമ്പത്തിക മേഖലയിൽ സുസ്ഥിരമായ വളർച്ചയും നൂതനമായ മാറ്റങ്ങളും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ജനവിധി തേടുന്നതെന്ന്
'ഇസ്തിദാമ' ബ്ലോക്കിന്‍റെ സ്ഥാനാർഥിയും മാസ ഗ്രൂപ്പിന്‍റെ ഡയറക്ടറും മാനേജറുമായ റശാദ് ഇബ്രാഹിം സൈനൽ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. ബഹ്റൈനിലെ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളുടെ ഉന്നമനത്തിനും സർക്കാറുമായുള്ള ഏകോപനത്തിനും ഇസ്തിദാമക്ക് വ്യക്തമായ കാഴ്ചപ്പാടുകളും പദ്ധതികളുമുണ്ട്. ബിസിനസ് പ്രതിസന്ധികളെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുടെ ശബ്ദമായി ചേംബറിനെ മാറ്റുന്നതിനും മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരത, നവീകരണം എന്നിവയിലൂന്നിയുള്ള 'ഇസ്തിദാമ' വിഷൻ നടപ്പിലാക്കുന്നതിലൂടെ ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കും. വലുപ്പഭേദമന്യേ എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.