ക്യാമ്പയിനിന്‍റെ ഭാഗമായി സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്

രാജ്യത്തോട് ഐക്യദാർഢ്യവുമായി പ്രവാസി സംഘടനകൾ

ഐക്യദാർഢ്യ പ്രതിജ്ഞയിൽ ഒപ്പുവെച്ച് ഐ.സി.ആർ.എഫ്

ഐ.സി.ആർ.എഫ് ബഹ്റൈൻ സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രതിജ്ഞ ചടങ്ങിൽ നിന്ന്

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്റൈൻ) ഇന്ത്യൻ ക്ലബ്ബിൽ ഐക്യദാർഢ്യ പ്രതിജ്ഞ ഒപ്പുവെക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫിന്റെ തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിലാണ്, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്കും, ബഹ്റൈൻ സർക്കാരിനുമുള്ള തങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ്വസ്തതയും ഐക്യദാർഢ്യവും വീണ്ടും പ്രഖ്യാപിച്ചത്. ചെയർമാൻ അഡ്വ. വി. കെ. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.

എൽ.എം.ആർ.എ പാർട്ണർഷിപ്പ്സ് ആൻഡ് ഔട്ട്‌റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്ക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എ പ്രതിനിധി ശൈഖ അൽമുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ, ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 400-ലധികം തൊഴിലാളികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സ്ഥിരതയും ജനങ്ങളുടെയും താമസക്കാരുടെയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ബഹ്റൈൻ ഭരണാധികാരികളും സർക്കാരും ജനങ്ങളും സ്വീകരിച്ച നടപടികൾക്ക് ഇന്ത്യൻ സമൂഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

സിഗ്‌നേച്ചർ കാമ്പയിനുമായി സമസ്ത ബഹ്റൈൻ

ക്യാമ്പയിനിന്‍റെ ഭാഗമായി സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്

മനാമ: ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും, കിരീടവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടും, ബഹ്‌റൈൻ ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്നുവരുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ ക്യാപിറ്റൽ കമ്മ്യൂണിറ്റി സെൻ്റുമായി സഹകരിച്ച് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദേശി സ്വദേശി വ്യത്യാസമില്ലാതെ ബഹ്റൈനിലെ ജന സമൂഹത്തോട് ബഹ്റൈൻ ജനതയും ഭരണാധികാരികളും പുലർത്തുന്ന സഹവർത്തിത്വത്തിൽ രാജ്യത്തോടും ഗവൺമെൻ്റിനോടുമുള്ള മലയാളി സമൂഹത്തിൻ്റെ അചഞ്ചലമായ വിശ്വസ്തതയും പിന്തുണയും പ്രകടിപ്പിക്കുന്നതിനായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ബഹറൈൻ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കറും മനാമ എം.പിയുമായ ശൈഖ് അഹമ്മദ് അൽ വാഹിദ് അൽ ഖറാത്തയുടെ മനാമ ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദും ചേർന്ന് ക്യാമ്പയിന് തുടക്കം കുറിച്ചു. രാജ്യം എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും തങ്ങളുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ബഹ്റൈന്റെ പുരോഗതിക്കും സമൃദ്ധിക്കും തങ്ങളാൽ കഴിയുന്ന എല്ലാ സംഭാവനകളും തുടർന്നും നൽകുമെന്നും നേതാക്കൾ അറിയിച്ചു. 

ഐക്യദാർഢ്യവുമായി അൽ മന്നാഇ സെന്റർ

അവയർനസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ചടങ്ങ്

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവയർനസ്സ് സെന്റർ മലയാള വിഭാഗം 'വിശ്വസ്തതാ രേഖ' ഒപ്പുവെക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള അൽ മന്നാഇ ഹാളിൽ നടന്ന പരിപാടിയിൽ മന്നാഇ സെന്റർ നേതാക്കളായ ശൈഖ് ത്വലാൽ ബിൻ മുഹമ്മദ് അൽ മന്നാഇ, ശൈഖ് ഫവാസ് ബിൻ മുഹമ്മദ് അൽ മന്നാഇ, ശൈഖ് ആദിൽ സയ്യാർ, ശൈഖ് സ്വലാഹ് അൽ ഫഖീഹി, ശൈഖ് ഹുസൈൻ ഹൈദർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ പ്രവാസി സമൂഹങ്ങളിൽ നിന്നുള്ള വൻ പങ്കാളിത്തവുമുണ്ടായി. രാജ്യത്തോടും അതിന്റെ വിവേകശാലികളായ നേതൃത്വത്തോടുമുള്ള അചഞ്ചലമായ കൂറും പ്രതിബദ്ധതയും ദൃഢമാക്കുന്നതിനും, ദേശീയ ഐക്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള വിശ്വസ്തത പ്രകടമാക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സെന്റർ ആക്ടിങ് പ്രസിഡന്‍റ് ഹംസ കെ. ഹമദ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത്, ബിനു ഇസ്മാഈൽ, അബ്ദു ലത്വീഫ് സി.എം. എന്നിവർ നേതൃത്വം നൽകി.

ഐക്യദാർഢ്യവുമായി ഒ.ഐ.സി.സി പത്തനംതിട്ട ജില്ല

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി പ്രതിജ്ഞ

മനാമ: ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി പ്രതിജ്ഞ എടുത്തു. സ്വദേശികളെയും, വിദേശികളെയും ഒരു പോലെ കരുതുന്ന രാജ്യം, പ്രവാസികൾക്ക് സ്വന്തം രാജ്യം നൽകുന്നതിൽ കൂടുതൽ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നൽകുന്നുണ്ട്.

മുമ്പ് കൊറോണ കാലഘട്ടത്തിലും, ഇപ്പോൾ യുദ്ധ ഭീഷണി ഉണ്ടായപ്പോളും പ്രവാസി സമൂഹം ഒന്നിച്ച് ഈ രാജ്യത്തോടും, ഭരണാധികാരികളോടും ചേർന്ന് നിന്നു എന്നുള്ളത് എല്ലാ പ്രവാസികൾക്കും അഭിമാനിക്കാൻ ഉള്ള അവസരം ആയി കരുതുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ജനറൽ സെകട്ടറി സയ്യിദ് എം.എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജീസൺ ജോർജ്ജ്, സെക്രട്ടറി വിനോദ് ഡാനിയേൽ ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ ടി. തോമസ്സ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, ബ്രൈറ്റ് രാജൻ, സിജി തോമസ്സ്, റോബിൻ ജോർജ് എന്നിവർ സംസാരിച്ചു.  

Tags:    
News Summary - Expatriate organizations in solidarity with the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.