മനാമ: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ചു. ‘ആരോഗ്യകരമായ വാർധക്യത്തിന് യോഗ’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ. മനാമയിലെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന യോഗാ സെഷന് ഇന്ത്യൻ കൾച്ചർ ടീച്ചർ ഡോ. നർപാൽ സിംഗും ബഹ്‌റൈനി യോഗ പരിശീലക മെയ് അവാദയും നേതൃത്വം നൽകി.
വിവിധ മേഖലകളിൽ നിന്നുള്ള അറുനൂറിലധികം യോഗാഭ്യസികൾ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പരിപാടിക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ മുൻ തൊഴിൽ മന്ത്രി അബ്ദുൽനബി അൽ ഷൂലയായിരുന്നു മുഖ്യാതിഥി. ആന്തരിക സന്തുലിതാവസ്ഥയിലൂടെ മാത്രമേ ശാശ്വതമായ സമാധാനം കൈവരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യ ലോകത്തിന് നൽകിയ വലിയ സമ്മാനമാണ് യോഗയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബഹ്‌റൈൻ സമൂഹത്തോടുള്ള ആദരവായും ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രകടനമായും ഈ ഒത്തുചേരലിനെ അംബാസഡർ വിനോദ് കെ. ജേക്കബ് വിശേഷിപ്പിച്ചു. സമാധാനം, ഐക്യം, കരുത്ത് എന്നിവ വളർത്തുന്നതിൽ യോഗ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയും ചടങ്ങിൽ സംസാരിച്ചു.
ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിലും ബഹ്‌റൈൻ പങ്കാളിയായി. ജൂൺ 14 മുതൽ 21 വരെ കേന്ദ്ര ആയുഷ് മന്ത്രാലയം നടത്തിയ യൂട്യൂബ് ലൈവ് യോഗാ സെഷനിൽ ഒന്നരക്കോടിയിലധികം ആളുകളാണ് പങ്കെടുത്തത്. ഇതിലും അംബാസഡർ വിനോദ് കെ. ജേക്കബും എംബസി ഉദ്യോഗസ്ഥരും പങ്കുചേർന്നു.
മെയ് 29ന് എംബസിയിൽ നടന്ന കർട്ടിൻ റൈസർ പരിപാടിയോടെയാണ് യോഗ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ബഹ്‌റൈനിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളും യോഗ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങൾ വൻ വിജയമാക്കാൻ സഹായിച്ച മുഴുവൻ ഇന്ത്യൻ പ്രവാസി സംഘടനകൾക്കും ബഹ്‌റൈനി സുഹൃത്തുക്കൾക്കും എംബസി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.