മനാമ: നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബഹ്റൈൻ വൻ മുന്നേറ്റം രേഖപ്പെടുത്തിയതായി കണക്കുകൾ. 2016ന്റെ അവസാനത്തിൽ 9.797 ബില്യൺ ബി.ഡി ആയിരുന്ന വിദേശ നിക്ഷേപം, 2025 അവസാനത്തോടെ 17.733 ബില്യൺ ബി.ഡി ആയി ഉയർന്നു. 81 ശതമാനത്തിന്റെ വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്.
ഏകദേശം 7.936 ബില്യൺ ബി.ഡിയുടെ വർധനയാണ് 2016 മുതൽ 2025 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയത്. പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ പ്രതിവർഷം ശരാശരി 6.8 ശതമാനം വളർച്ചാ നിരക്കാണ് കൈവരിക്കാനായത്.
2016-ൽ 9.797 ബില്യൺ ബി.ഡി ആയിരുന്ന നിക്ഷേപം 2019 എത്തുമ്പോഴേക്കും 11.537 ബില്യൺ ബി.ഡി ആയി ഉയർന്നു. മൂന്ന് വർഷം കൊണ്ട് 17.8 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപത്തിൽ വർധന തുടർന്ന ബഹ്‌റൈൻ, 2020 മുതൽ 2022 വരെയുള്ള കാലയളവിൽ 14.3 ശതമാനത്തിന്റെ വളർച്ച കൂടി കൈവരിച്ചു.
ഏറ്റവും ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായത് 2023-ലാണ്. 2022 അവസാനത്തിൽ 13.628 ബില്യൺ ബി.ഡി ആയിരുന്ന നിക്ഷേപം, 2023 അവസാനത്തോടെ 16.345 ബില്യൺ ബി.ഡി ആയി വർധിച്ചു. ഒറ്റ വർഷം കൊണ്ട് ഏകദേശം 19.9 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. 2024-ൽ 17.424 ബില്യൺ ബി.ഡി എന്ന നിലയിലെത്തിയ നിക്ഷേപം 2025 അവസാനത്തോടെ 17.733 ബില്യൺ ബി.ഡിയിൽ എത്തിനിൽക്കുന്നു.
കമ്പനികളിലെ ഓഹരി പങ്കാളിത്തം, വൻകിട പദ്ധതികൾ, ആസ്തികൾ തുടങ്ങിയവയിലുള്ള വിദേശികളുടെ വർധിച്ച താത്പര്യമാണ് വിദേശ നിക്ഷേപത്തിലെ ഈ വലിയ വർധനയ്ക്ക് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ദീർഘകാലാടിസ്ഥാനത്തിൽ വിദേശ നിക്ഷേപകർക്ക് ബഹ്‌റൈനിലുള്ള വിശ്വാസ്യതയുടെ തെളിവുകൂടിയാണ് ഈ കണക്കുകൾ. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള സർക്കാർ നയങ്ങൾക്കും ഈ വളർച്ചയിൽ വലിയ പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.