മനാമ: ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ മരണം പ്രവാസഭൂമിക്ക് കണ്ണീർനോവായി. ഓണം അവധി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയാണ് സാധാരണ പ്രവാസലോകത്ത് ഓണാഘോഷം തുടങ്ങുന്നത്.
സ്കൂൾ അവധിക്കാലവും നാട്ടിലെ ഓണവും കഴിഞ്ഞ് പ്രവാസികുടുംബങ്ങൾ അധികവും സെപ്റ്റംബർ ആദ്യം തിരികെ വരുന്നതേയുള്ളു. അങ്ങനെയുള്ള ആദ്യ ആഘോഷദിവസം തന്നെ ചെറുപ്പക്കാരായ അഞ്ചുപേരുടെ മരണം സംഭവിച്ചതിന്‍റെ ഞെട്ടലിൽ നിന്ന് ആരും മുക്തരായിട്ടില്ല. രാത്രി സംഭവിച്ച അപകടം പുലർച്ചെയാണ് അധികം പേരും അറിഞ്ഞത്. ആശുപത്രി ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ അഞ്ചുപേരും സജീവമായിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന അത്തപ്പൂക്കളം ഇടുന്നതിലടക്കം നാലു മലയാളി യുവാക്കളും സജീവമായി പങ്കെടുത്തിരുന്നു. ചന്ദ്രയാൻ മാതൃകയിൽ വ്യത്യസ്ഥമായ അത്തപ്പൂക്കളമിട്ട് സുഹൃത്തുക്കളോടൊപ്പം ഫോട്ടോയുമെടുത്തശേഷമാണ് വൈകീട്ട് ഹോട്ടലിൽ നടന്ന സദ്യക്കായി അഞ്ചുപേരും പോയത്. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമിൽ ഫോട്ടോ എടുക്കുകയും ചെയ്തു.
ഇത് ഗ്രൂപ്പുകളിലടക്കം ഷെയർ ചെയ്തശേഷമാണ് അഞ്ചുപേരും പത്തുമണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചത്. മുഹറഖിൽ ആശുപത്രിക്കടുത്തുതന്നെയാണ് അഞ്ചുപേരും താമസിച്ചിരുന്നത്. ചുറുചുറുക്കുള്ള യുവാക്കൾ എന്ന നിലക്ക് മലയാളിവൃത്തങ്ങളിൽ സുപരിചിതരായിരുന്നു എല്ലാവരും. ആശുപത്രിയിലെത്തുമ്പോൾ തങ്ങളെ വരവേറ്റിരുന്ന ചിരിക്കുന്ന മുഖങ്ങൾ ഇനി ഇല്ല എന്ന തിരിച്ചറിവിന്‍റെ ഞെട്ടലിലാണ് മലയാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.