ജനുവരി 26. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പരമാധികാരവും കരുത്തും നാം ഒരേ മനസ്സോടെ ആഘോഷിക്കുന്ന സുദിനം. അതിർത്തിയിൽ മഞ്ഞിലും വെയിലിലും കാവൽ നിൽക്കുന്ന നമ്മുടെ കര, നാവിക, വ്യോമ സേനകൾക്കൊപ്പംതന്നെ രാജ്യം നന്ദിയോടെ ഓർക്കേണ്ടതാണ് വിവിധ തലങ്ങളിലുള്ള നമ്മുടെ സുരക്ഷാ സേനകളെ. രാജ്യത്തിനകത്തെ സുരക്ഷ ഉറപ്പാക്കുന്ന സി.ആർ.പി.എഫ്, അതിർത്തി കാക്കുന്ന ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി ഉൾപ്പെടെയുള്ള കേന്ദ്ര സേനകൾ നമ്മുടെ കരുത്താണ്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന എൻ.എസ്.ജി കമാൻഡോകളുടെ ധീരത നമുക്ക് മറക്കാനാവില്ല.
2008ലെ മുംബൈ ഭീകരവാദ ആക്രമണത്തിൽ സ്വന്തം ജീവൻ ബലി നൽകി രാജ്യം കാത്ത എൻ.എസ്.ജി കമാൻഡോ ആയിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സാറിനെപ്പോലെയുള്ള വീരപുത്രന്മാരുടെ ഓർമകൾ ഓരോ റിപ്പബ്ലിക് ദിനത്തിലും നമ്മുടെ സിരകളിൽ ആവേശം നിറക്കുന്നു. അതിനോടൊപ്പം തന്നെ ഓരോ സംസ്ഥാനത്തെയും ക്രമസമാധാനം കാത്തുസൂക്ഷിക്കുന്ന കേരള പൊലീസ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന പൊലീസ് സേനകൾ, ഫയർ ഫോഴ്സ് അടക്കമുള്ള യൂനിഫോം ഫോഴ്സുൾ നമ്മുടെ അഭിമാനമാണ്. ഈ സൈനിക-സുരക്ഷാ വ്യൂഹത്തിന്റെ ഏറ്റവും മുകളിലുള്ള തലവൻ, അഥവാ സുപ്രീം കമാൻഡർ ബഹുമാനപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപതിയാണ്. ഏത് വലിയ ശക്തിയായാലും അത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും കീഴിലായിരിക്കണം എന്ന ദീർഘവീക്ഷണമാണ് ഇതിന് പിന്നിലുള്ളത്.
ഭരണഘടന എന്നത് വെറുമൊരു നിയമപുസ്തകമല്ല, അത് നമ്മുടെ നാടിന്റെ വളർച്ചയുടെ രേഖാചിത്രമാണ്.
തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാറുകളും, പാർലമെന്റും നിയമസഭകളും മുതൽ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളും, അവിടങ്ങളിലെ ജനപ്രതിനിധികളും, നീതിന്യായ വ്യവസ്ഥയും, ഒപ്പം നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനവും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ‘ചെക്ക് ആൻഡ് ബാലൻസ്’ രീതിയാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. ഇതിനെയെല്ലാം ജനങ്ങളിലേക്ക് എത്തിക്കാനും സുതാര്യത ഉറപ്പാക്കാനും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ കൂടി ചേരുമ്പോൾ നമ്മുടെ രാജ്യം കൂടുതൽ കരുത്താർജിക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെയും അഹിംസയുടെയും മൂല്യങ്ങൾ ഉൾക്കൊണ്ട്, ഭരണഘടനാ ശിൽപികളായ ബാബസാഹബ് അംബേദ്കറും, ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള ഭരണഘടന ശിൽപികൾ വിഭാവനം ചെയ്ത ഈ അടിത്തറയാണ് നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ മാതൃകയാക്കുന്നത്.
സേനകൾക്കും ഭരണകൂടത്തിനും ഒപ്പംതന്നെ ഈ രാജ്യത്തെ തലയുയർത്തി നിർത്തുന്നതിൽ നമ്മുടെ ശാസ്ത്രലോകത്തിന് വലിയ പങ്കുണ്ട്. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ബഹിരാകാശത്തും പ്രതിരോധ രംഗത്തും നാം നേടിയ വിജയങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. എ.പി.ജെ. അബ്ദുൽ കലാം സാറിനെപ്പോലെയുള്ള ഇതിഹാസങ്ങൾ നമുക്ക് പകർന്നുനൽകിയ ആത്മവിശ്വാസം ഇന്നും ഓരോ ഇന്ത്യക്കാരന്റെയും കരുത്താണ്.
അറിവ് പകർന്നുനൽകി തലമുറകളെ വാർത്തെടുക്കുന്ന അധ്യാപകർ, നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർഥികൾ, ജനസേവനത്തിനായി ഇറങ്ങിത്തിരിച്ച പൊതുപ്രവർത്തകർ എന്നിവരൊക്കെ ചേരുമ്പോഴാണ് ഇന്ത്യ പൂർണമാകുന്നത്.
സാധാരണക്കാരെ സംബന്ധിച്ച് ഭരണഘടന ഒരു വലിയ തണലാണ്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും, അറിവുള്ള കാര്യങ്ങൾ പങ്കുവെക്കാനും, വിവേചനമില്ലാതെ അന്തസ്സോടെ ജീവിക്കാനും സാധിക്കുന്നത് ഈ നിയമപുസ്തകം ഉള്ളതുകൊണ്ടാണ്.
ഓരോ പൗരനും അവന്റെ സ്വപ്നങ്ങൾ പിന്തുടരാൻ ഭരണഘടന അവകാശം നൽകുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ത്യാഗത്തിലൂടെ നേടിയെടുത്ത ഈ ഭരണഘടനയെ കാത്തുസൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. ജനാധിപത്യം അതിന്റെ എല്ലാ അർഥത്തിലും ശോഭിക്കാനും, ഓരോ സാധാരണക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും ഭരണഘടനയെ മുറുകെ പിടിക്കുക എന്നതാണ് ഏക വഴി. ‘ഭരണഘടന വാഴട്ടെ’ എന്ന ദൃഢനിശ്ചയത്തോടെ ‘ജയ് സംവിധാൻ’ എന്ന വലിയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, സമത്വമുള്ള ഒരു ഭാരതത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴാണ് ഇന്ത്യ എന്ന റിപ്പബ്ലിക് അതിന്റെ പൂർണ അർഥത്തിൽ തിളങ്ങുന്നത്.
ഏവർക്കും മഹത്തായ ഇന്ത്യൻ റിപ്പബ്ലിക് ദിനാശംസകൾ. ജയ് ഹിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.