ചൈന–ജി.സി.സി ഉന്നത വിദ്യാഭ്യാസ സഹകരണ സംവാദത്തിൽ പങ്കെടുക്കുന്ന എ.എസ്.യു അധികൃതർ

ചൈന–ജി.സി.സി ഉന്നത വിദ്യാഭ്യാസ സഹകരണ സംവാദത്തിൽ പങ്കെടുത്ത് എ.എസ്.യു

മനാമ: ചൈനയിലെ ഹാങ്ഷൗവിൽ നടന്ന 2025ലെ വേൾഡ് യൂനിവേഴ്സിറ്റി പ്രസിഡന്റ്സ് ഫോറത്തിന്റെയും ഇന്റർനാഷനൽ ഫോറം ഓൺ ഹയർ എജുക്കേഷന്റെയും ഭാഗമായി നടന്ന ചൈന–ജി.സി.സി ഉന്നത വിദ്യാഭ്യാസ സഹകരണ സംവാദത്തിൽ പങ്കെടുത്ത് അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി (എ.എസ്.യു). ചൈനയിലെയും ഗൾഫ് മേഖലയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം ശക്തിപ്പെടുത്താനും ഭാഷ, ഗവേഷണം, സാങ്കേതികവിദ്യ, ഉന്നത വിദ്യാഭ്യാസ ഭരണ നിർവഹണം എന്നിവയിൽ വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ സംവാദം സംഘടിപ്പിച്ചത്.

എ.എസ്.യു ട്രസ്റ്റി ബോർഡ് ചെയർമാൻ പ്രഫ. വഹീബ് അൽ ഖാജയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ യൂനിവേഴ്സിറ്റി പ്രസിഡന്റ് പ്രഫ. ഹാതം മസ്രി, പ്രസിഡന്റിന്റെ ഫോളോ അപ് കാര്യങ്ങൾക്കായുള്ള ഉപദേഷ്ടാവും അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക കാര്യ ഡയറക്ടറുമായ മിസ്റ്റർ അബ്ദുല്ല അൽ ഖാജ എന്നിവർ ഉൾപ്പെട്ടിരുന്നു. ഡിജിറ്റൽ പരിവർത്തനത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും അനുസൃതമായി വിദ്യാഭ്യാസം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും ചൈനീസ്, ഗൾഫ് സർവകലാശാലകൾ തമ്മിലുള്ള അക്കാദമിക് സഹകരണ സാധ്യതകളെക്കുറിച്ചും സംഘം ചർച്ച ചെയ്തു.

ഗൾഫ് സർവകലാശാലകളിലും സ്കൂളുകളിലും ചൈനീസ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിദ്യാഭ്യാസ ക്യാമ്പുകളും സജ്ജമാക്കുക, പരസ്പര ധാരണ വർധിപ്പിക്കുന്നതിന് വിദ്യാർഥികളുടെ സഞ്ചാരശേഷിയും സ്കോളർഷിപ് കൈമാറ്റവും പിന്തുണക്കുന്ന സംരംഭങ്ങൾ കൊണ്ടുവരിക, അപ്ലൈഡ് സയൻസസ്, എൻജിനീയറിങ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സുസ്ഥിര ഊർജം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം, നൂതനാശയങ്ങളും ശേഷി വർധിപ്പിക്കലും പ്രോത്സാഹിപ്പിക്കുന്ന സംയുക്ത ഗവേഷണ കേന്ദ്രങ്ങളും അക്കാദമിക് പ്രോഗ്രാമുകളും സ്ഥാപിക്കൽ, യോഗ്യതകളുടെ പരസ്പര അംഗീകാരം ഉറപ്പാക്കാനും ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും ഭരണ ചട്ടക്കൂടുകളും നയങ്ങളും ശക്തിപ്പെടുത്തുക തുടങ്ങിയ ഭാവി സഹകരണത്തിനായുള്ള പ്രധാന മേഖലകൾ എ.എസ്.യു ട്രസ്റ്റി ബോർഡ് ചെയർമാൻ പ്രഫ. വഹീബ് അൽ-ഖാജ എടുത്തുപറഞ്ഞു.

ഫോറത്തിന്റെ ഭാഗമായി, എ.എസ്.യു പ്രതിനിധി സംഘം ഹാങ്ഷൗവിലെ ഹിക് വിഷൻ, റോബോട്ടിക്സ്, ഡിജിറ്റൽ എജുക്കേഷൻ ഹാർബർ, ഡിജിറ്റൽ എജുക്കേഷൻ ഇന്നവേഷൻ സെന്‍റർ ഉൾപ്പെടെയുള്ള നിരവധി വ്യാവസായിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചു. വിദ്യാഭ്യാസ-വ്യവസായ മേഖലകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അത്യാധുനിക പ്രയോഗങ്ങൾ അവർ നേരിട്ട് കണ്ടറിഞ്ഞു.

സന്ദർശനം പൂർത്തിയാക്കിയ ശേഷം, ചൈനീസ് സർവകലാശാലകളുമായും സ്ഥാപനങ്ങളുമായും ഫലപ്രദമായ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള എ.എസ്.യുവിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഇതെന്ന് പ്രഫ. വഹീബ് അൽ-ഖാജ അടിവരയിട്ടു പറഞ്ഞു. ചൈനയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള സഹകരണം സാംസ്കാരികവും ഗവേഷണപരവുമായ കൈമാറ്റം ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈന്റെ ഭാവി കാഴ്ചപ്പാടിനും മേഖലയിലെയും ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന അക്കാദമിക് നേതൃത്വത്തിനും അനുസൃതമായി ഉന്നത വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരു മികച്ച അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - ASU participates in China-GCC Higher Education Cooperation Dialogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.