ഫ്രാൻസ് സന്ദർശനത്തിനിടെ ഹമദ് രാജാവും ശൈഖ് നാസറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ
മാക്രോണിനൊപ്പം
മനാമ: ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സുപ്രധാന ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക ക്ഷണപ്രകാരം പാരിസിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും പ്രസിഡന്റ് മാക്രോണും തമ്മിൽ എലീസി കൊട്ടാരത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനും സൈനിക വൈദഗ്ധ്യം പങ്കുവെക്കുന്നതിനുമുള്ള വ്യവസ്ഥകൾ പുതിയ കരാറിലുണ്ട്. ബഹ്റൈൻ നാഷനൽ സെക്യൂരിറ്റി അഡ്വൈസറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ മന്ത്രിയായ ആലിസ് റൂഫോ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. എലീസി കൊട്ടാരത്തിലെത്തിയ ഹമദ് രാജാവിനും സംഘത്തിനും മികച്ച സ്വീകരണമാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും പ്രസിഡന്റ് മാക്രോൺ ചർച്ചയിൽ എടുത്തുപറഞ്ഞു. ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാനും ജോയിന്റ് ബഹ്റൈൻ-ഫ്രഞ്ച് ഹൈക്കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കാനും ഇരുനേതാക്കളും തീരുമാനിച്ചു. മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ വിഷയമായി. അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കുന്നതിലും അറബ് വിഷയങ്ങളിൽ ഫ്രാൻസ് നൽകുന്ന പിന്തുണയെയും രാജാവ് പ്രശംസിച്ചു. സന്ദർശനത്തിന്റെ ഭാഗമായി രാജാവിനും ബഹ്റൈൻ പ്രതിനിധി സംഘത്തിനുമായി ഫ്രഞ്ച് പ്രസിഡന്റ് പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. ഈ കരാർ മിഡിൽ ഈസ്റ്റിലെ സുരക്ഷാ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.