മനാമ: റമദാൻ മാസത്തിൽ വിശ്വാസികൾക്കിടയിൽ വർധിച്ചുവരുന്ന ദാനധർമങ്ങൾ ലക്ഷ്യം വെച്ച് ഭിക്ഷാടകരുടെ സംഘങ്ങൾ സജീവമാകുന്നു. സഹതാപം പിടിച്ചുപറ്റാൻ തെറ്റായ വഴികളും വ്യാജ പരിക്കുകളും ഉപയോഗിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ അഭിഭാഷകൻ ജാസിം അൽ ഈസ മുന്നറിയിപ്പ് നൽകി. ബഹ്റൈനിൽ 2007-ലെ 5-ാം നമ്പർ നിയമപ്രകാരം ഭിക്ഷാടനം കർശനമായി നിരോധിച്ചിട്ടുണ്ട്.
പൊതുവഴികളിലോ സ്വകാര്യ സ്ഥലങ്ങളിലോ പണത്തിനായി കൈനീട്ടുന്നത് മാത്രമല്ല നിയമത്തിന്റെ പരിധിയിൽ വരുന്നത്. പരിക്കോ വൈകല്യമോ ഉണ്ടെന്ന് നടിച്ച് സഹതാപം നേടുക, കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുക, വിലകുറഞ്ഞ സാധനങ്ങൾ വിൽക്കാനെന്ന വ്യാജേന വഴിയാത്രക്കാരിൽ നിന്ന് പണം വാങ്ങുക എന്നിവയെല്ലാം നിയമത്തിൽ പെടുന്നവയാണ്. ആദ്യമായി ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്നവർക്ക് ശിക്ഷയേക്കാൾ ഉപരിയായി സാമൂഹിക പുനരധിവാസത്തിനാണ് നിയമം മുൻഗണന നൽകുന്നത്. പിടിക്കപ്പെടുന്നവരെ സർക്കാർ കെയർ ഹോമുകളിലേക്ക് മാറ്റും.
അവിടെ അവരുടെ സാമ്പത്തികവും മാനസികവുമായ അവസ്ഥ പരിശോധിക്കും. അർഹതയുള്ളവർക്ക് ജോലിയും പ്രതിമാസ അലവൻസും നൽകാൻ തൊഴിൽ മന്ത്രാലയവുമായി ചേർന്ന് നടപടി സ്വീകരിക്കും. എന്നാൽ, ജോലി ചെയ്യാൻ ആരോഗ്യമുണ്ടായിട്ടും വീണ്ടും ഭിക്ഷാടനം നടത്തിയാൽ ഒരു വർഷം വരെ തടവും 100 ദീനാർ വരെ പിഴയും ലഭിക്കാം.
ആരോഗ്യമില്ലാത്തവർക്ക് 6 മാസം വരെ തടവും 50 ദീനാർ വരെ പിഴയുമാണ് ശിക്ഷ. ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താൻ കോടതി ഉത്തരവിടും. കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 3 മാസം തടവ് ലഭിക്കും.
ഇത് മാതാപിതാക്കളോ രക്ഷിതാക്കളോ ആണെങ്കിൽ തടവ് ശിക്ഷ 6 മാസം മുതൽ 3 വർഷം വരെയായി വർധിക്കും. അർഹരായവരിലേക്ക് സഹായമെത്തിക്കാൻ സർക്കാറിന്റെയും അംഗീകൃത ചാരിറ്റി സംഘടനകളുടെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.