മഷായേൽ അൽ ഷംസി ഫായൻസ് മാസ്കുമായി
മനാമ: തെക്കൻ ബഹ്റൈനിലെ അൽ-ഹില്ല പുരാവസ്തു സൈറ്റിൽനിന്ന് 3,300 വർഷത്തിലേറെ പഴക്കമുള്ള അപൂർവമായ ‘ഫായൻസ് മാസ്ക്’ കണ്ടെടുത്തു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് ആണ് ഈ ശ്രദ്ധേയമായ കണ്ടെത്തൽ പുറത്തുവിട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ കണ്ടെത്തപ്പെടുന്ന രണ്ടാമത്തെ മാത്രം മാസ്കാണിതെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പുരാതന ദിൽമുൻ സംസ്കാരത്തിന്റെ മധ്യകാലഘട്ടത്തിലെ അവശിഷ്ടങ്ങൾക്കായുള്ള ഖനനത്തിനിടയിലാണ് ഈ ചരിത്രശേഷിപ്പ് ലഭിച്ചത്.
അൽ-ഹില്ലയിലെ ഒരു കൂട്ട ശവകുടീരത്തിൽനിന്നാണ് മാസ്ക് കണ്ടെടുത്തതെന്ന് പുരാവസ്തു ഗവേഷകയായ മഷായേൽ അൽ ഷംസി വ്യക്തമാക്കി. രണ്ട് സ്ത്രീകളുടെയും ഒരു ശിശുവിന്റെയും ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ കല്ലറയിലായിരുന്നു ഈ മാസ്ക് സൂക്ഷിച്ചിരുന്നത്.
ജി.സി.സി ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച 'അറേബ്യൻ ഗൾഫിലെ പുരാവസ്തു ഗവേഷണം' എന്ന സെമിനാറിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് വിശദീകരിച്ചത്. മൺപാത്ര നിർമാണത്തിന് സമാനമായ സാങ്കേതികവിദ്യയിൽ നിർമിച്ച ഈ അലങ്കാര മാസ്ക് അക്കാലത്തെ ഉന്നത നിലവാരത്തിലുള്ള കരകൗശല വിദ്യയുടെ തെളിവാണ്.ഇതുവരെ വിപുലമായ ഗവേഷണങ്ങൾക്ക് വിധേയമാകാത്ത ഇത്തരം അപൂർവ വസ്തുക്കൾ ദിൽമുൻ കാലഘട്ടത്തിലെ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് പുതിയ അറിവുകൾ നൽകും. നിലവിൽ മാസ്കിനൊപ്പം കല്ലറയിൽനിന്ന് ലഭിച്ച മുത്തുകൾ, മറ്റ് ശവസംസ്കാര വസ്തുക്കൾ എന്നിവയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നുവരികയാണ്. മിഡിൽ ദിൽമുൻ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലവും വിശ്വാസങ്ങളും മനസ്സിലാക്കാൻ ഈ പഠനം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.