മനാമ: രാജ്യത്തെ അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നതിൽ മികച്ച പ്രതികരണവുമായി ആംബുലൻസ് മോട്ടോർ സൈക്കിൾ സേവനം.
ഗതാഗതക്കുരുക്കുള്ള റോഡുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും വേഗത്തിൽ വൈദ്യസഹായം എത്തിക്കുന്ന ഇത്തരം ആംബുലൻസുകൾ അപകടത്തിൽപെട്ടവർക്ക് അനിവാര്യമായ സഹായങ്ങളാണ് കൃത്യസമയത്ത് നൽകുന്നത്. ബഹ്റൈനെ വികസിത രാജ്യങ്ങളുടെ നിരയിൽ എത്തിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പായും ഈ പദ്ധതി വളരുന്നുണ്ട്.
കഴിഞ്ഞവർഷം ഡിസംബറിലാണ് ഈ സേവനം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസൃതമായി അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സഹായമെത്തിക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ഈ പദ്ധതി ഉറപ്പിക്കുന്നുവെന്ന് ലഫ്റ്റനന്റ് കേണൽ യൂസഫ് അഹമ്മദ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
ഇടുങ്ങിയ വഴികളിലും തിരക്കേറിയ റോഡുകളിലും വേഗത്തിൽ എത്താൻ ഈ മോട്ടോർ സൈക്കിളുകൾ സഹായിക്കുന്നുണ്ട്. ഒരു സാധാരണ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ ആവശ്യമായ ചികിത്സ നൽകി രോഗിയെ സജ്ജമാക്കാൻ ഇതിലൂടെ സാധിക്കും.
ഡിഫിബ്രില്ലേറ്റർ, രക്തസമ്മർദം അളക്കുന്ന ഉപകരണം, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജൻ നിരീക്ഷിക്കുന്ന യന്ത്രങ്ങൾ, ഓക്സിജൻ സിലിണ്ടർ, ഒടിവ് സംരക്ഷിക്കുന്നതിനുള്ള കിറ്റുകൾ, എമർജൻസി കിറ്റുകൾ, തെർമോമീറ്റർ, ഫ്ലാഷ്ലൈറ്റ്, നൈറ്റ് വിഷൻ ഉപകരണങ്ങൾ തുടങ്ങിയ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളെല്ലാം ഈ മോട്ടോർ സൈക്കിളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൃദയാഘാതം, ശ്വാസതടസ്സം, അപകടങ്ങൾ, പരിക്കുകൾ, രക്തസ്രാവം, അപസ്മാരം, ശ്വാസംമുട്ടൽ, ബോധക്ഷയം, പ്രമേഹം മൂലമുള്ള അവസ്ഥകൾ, അടിയന്തര പ്രസവം തുടങ്ങിയ കേസുകൾ കൈകാര്യം ചെയ്യാൻ ഫസ്റ്റ് റെസ്പോണ്ടർമാർക്ക് കഴിവുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കുമ്പോൾ, കോൾ നാഷനൽ ആംബുലൻസ് സെന്ററിന്റെ ഓപറേഷൻസ് റൂമിലേക്ക് കൈമാറും. പ്രോക്യുഎ മെഡിക്കൽ മുൻഗണനസംവിധാനം അനുസരിച്ച് കേസിന്റെ സ്വഭാവം വിലയിരുത്തിയശേഷം, ഒരു സാധാരണ ആംബുലൻസോ മോട്ടോർസൈക്കിളോ സംഭവസ്ഥലത്തേക്ക് അയക്കും.
2023ലെ ഗവൺമെന്റ് ഇന്നൊവേഷൻ കോമ്പറ്റീഷൻ പദ്ധതിയിൽ വിജയിച്ച ആശയങ്ങളിലൊന്നാണ് ഈ സേവനം. ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും യോഗ്യതയുള്ള പാരാമെഡിക്കൽ ജീവനക്കാരാണ്. നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയിൽ നിന്നുള്ള മെഡിക്കൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റും ലൈസൻസും ഇവർക്കുണ്ട്. കൂടാതെ, ട്രാഫിക് ഡയറക്ടറേറ്റിൽ നിന്ന് മോട്ടോർസൈക്കിൾ ലൈസൻസ് നേടുകയും ഡിഫൻസീവ് ഡ്രൈവിങ് ഉൾപ്പെടെയുള്ള പ്രത്യേക കോഴ്സുകളിൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, റിഫയിലെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റൽ, മുഹറഖിലെ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പന്ത്രണ്ടിലധികം ആംബുലൻസ് സെന്ററുകളിൽ ഈ മോട്ടോർസൈക്കിൾ യൂനിറ്റുകൾ നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽ, രാജ്യത്തിന്റെ ഏത് ഭാഗത്തും വേഗത്തിൽ എത്തിച്ചേരാൻ ഇവർക്ക് സാധിക്കും. എന്നിരുന്നാലും കാറ്റ്, ഉയർന്ന താപനില, മഴ തുടങ്ങിയ കാലാവസ്ഥാവെല്ലുവിളികൾ ഫസ്റ്റ് റെസ്പോണ്ടർമാർക്ക് കൂടുതൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെന്ന് ലഫ്റ്റനന്റ് കേണൽ റമദാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.