ആലി-സൽമാബാദ് മലിനജല ശൃംഖലയുടെ നിർമാണം പുരോഗമിക്കുന്നു
മനാമ: ആലിയിൽനിന്ന് സൽമാബാദിലേക്ക് മലിനജലം കൊണ്ടുപോകുന്ന പ്രധാന ലൈനിെൻറ നിർമാണം 30 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിലെ ശുചിത്വ ആസൂത്രണ, പദ്ധതി വകുപ്പ് ഡയറക്ടർ ഫാത്തി അബ്ദുല്ല അൽ ഫാരിയ അറിയിച്ചു. നിർദിഷ്ട സമയത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിലെ മലിനജല ശൃംഖലയുടെ ശേഷി വർധിപ്പിച്ച് ശൃംഖലയിലെ സമ്മർദം കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭാവിയിൽ കൂടുതൽ പ്രദേശങ്ങളിൽ മലിനജല സേവനങ്ങൾ നൽകുന്നതിനൊപ്പം ഹമദ് ടൗണിലെ ബ്ലോക്ക് 1203, ബുരി, ഹമല തുടങ്ങിയ അധിക പ്രദേശങ്ങളും പദ്ധതിയുമായി ബന്ധിപ്പിക്കും. ആലി മുതൽ സൽമാബാദ് വരെയാണ് പുതിയ പ്രധാന ശൃംഖല സ്ഥാപിക്കുന്നത്.
3800 ഭവനയൂനിറ്റുകൾ ഉൾക്കൊള്ളുന്ന അൽ റംലി ഭവന പദ്ധതിയും ഇതുമായി ബന്ധിപ്പിക്കും. ബുഖ്ആവയിൽ മലിനജല ശുദ്ധീകരണ പ്ലാൻറിെൻറ ആവശ്യകത ഇല്ലാതാക്കാനും ഏഴ് പമ്പിങ് സ്റ്റേഷനുകൾ ഒഴിവാക്കാനും ഇതു സഹായിക്കും. പരിപാലന ചെലവുകൾ കുറക്കാൻ ഇതുവഴി സാധിക്കും. 900 മില്ലി മീറ്റർ മുതൽ 1000 മില്ലി മീറ്റർ വരെ വ്യാസമുള്ള 3.2 കിലോമീറ്റർ പ്രധാന മലിനജല ലൈനുകളുടെ വിപുലീകരണവും 36 പരിശോധന മുറികളുടെ നിർമാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിൽ 550 മീറ്റർ വിപുലീകരണവും അഞ്ചു പരിശോധന മുറികളുടെ നിർമാണവും പൂർത്തിയായെന്നും 50 മീറ്റർ മലിനജല ലൈനുകൾ നീട്ടുന്നതിനായി ഖനനവും നിർമാണ പ്രവർത്തനങ്ങളും നടക്കുകയാണെന്നും അൽഫാരിയ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.