വാർഷിക അവാർഡ് ദാന ചടങ്ങിൽ വിദ്യാർഥിനിക്ക് സ്കൂൾ ചെയർമാൻ അലി ഹസന്റെ നേതൃത്വത്തിൽ അവാർഡ് കൈമാറുന്നു
മനാമ: അൽനൂർ ഇന്റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് സീനിയർ, എ.എസ്/ എ.എൽ വിഭാഗങ്ങളുടെ വാർഷിക അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിശിഷ്ടാതിഥികൾ എന്നിവരെ സാക്ഷി നിർത്തി വിദ്യാർഥികളുടെ മികവിനെയും കഠിനാധ്വാനത്തെയും ആദരിക്കുന്ന ചടങ്ങായി മാറി അവാർഡ് ദാനം. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ കഴിവുകൾ നേരിട്ട് കാണാനും മികച്ച അക്കാദമിക് പ്രകടനം നടത്തിയവരെ അഭിനന്ദിക്കാനുമുള്ള ഒരവസരം കൂടിയായിരുന്നു ഇത്. സ്കൂൾ ചെയർമാൻ അലി ഹസൻ മുഖ്യാതിഥിയായെത്തിയ ചടങ്ങിൽ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽകൂഹെജി, വിവിധ വിഭാഗങ്ങളിലെ പ്രധാന അധ്യാപകർ, കോഓഡിനേറ്റർമാർ, അധ്യാപകർ എന്നിവർ ചേർന്ന് വിദ്യാർഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഒമ്പതാം ക്ലാസിലെ യാസിനും ഫാരിദയും ചേർന്നാണ് അതിഥികളെ സ്വാഗതം ചെയ്തത്. തുടർന്ന് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ സ്വാഗത പ്രസംഗങ്ങൾ നടന്നു. വിദ്യാർഥികളുടെ ഗാനങ്ങൾ, നൃത്ത പ്രകടനങ്ങൾ, ഇംഗ്ലീഷ്, അറബി ഭാഷകളിലെ ചെറിയനാടകങ്ങൾ എന്നിവ പരിപാടിക്ക് കൂടുതൽ നിറപ്പകിട്ടേകി.എട്ട്, ഒമ്പത് ക്ലാസുകളിലെ 50 വിദ്യാർഥികൾ അവതരിപ്പിച്ച ഇംഗ്ലീഷ് നാടകം സദസ്സിനെ അതിശയിപ്പിച്ചു. ശക്തമായ സന്ദേശവും മികച്ച അഭിനയവും ക്രിയാത്മകമായ അവതരണവുംകൊണ്ട് ആ നാടകം സദസ്സിനെ ആകർഷിച്ചു. ശേഷം ഒരു അറബി നാടകം അരങ്ങേറി. പരിപാടിയുടെ ഭാഗമായി 93 വിദ്യാർഥികളെ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ഐ.ജി.സി.എസ്.ഇ വേൾഡ് ടോപ്പർ അഹമ്മദ് അബ്ദുൽ റഹിമിനെ സദസ്സ് എഴുന്നേറ്റുനിന്ന് അഭിനന്ദിച്ചു. 2023-2024 അധ്യയന വർഷത്തിലെ 10 മുതൽ എ.എൽ വരെയുള്ള 93 ടോപ്പർമാർക്ക് അവാർഡുകൾ നൽകി. അതുപോലെ വാർഷിക ടാലന്റ് മത്സരങ്ങളിൽ കഴിവ് തെളിയിച്ച 100 വിദ്യാർഥികളെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.