ഹെൽത്തി പിനോയ് കാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് ഹെൽത്തി പിനോയ് കാമ്പെയ്ൻ 2025ന് തുടക്കം കുറിച്ചു. മുഹറഖ് ബ്രാഞ്ചിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, കോൺസൽ ബ്രയാൻ ജെസ് ടി. ബാഗുയോ, ലേബർ അറ്റാഷെ ഓർവിൽ ബല്ലിറ്റോക്ക്, വെൽഫെയർ ഓഫിസർ ജുവിലിൻ ആൻസ് ഗുമാബെ, എസ്.എസ്.എസ് പ്രതിനിധി ജോൺ സിബ്ബലൂക്ക, അസിസ്റ്റൻസ്-ടു-നാഷനൽസ് ഓഫിസർ ലൂസിയ റാമിറെസ്, എംബസി സ്റ്റാഫ് ജൂലിയസ് മാമാക്ലേ, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞവർഷത്തെ സംരംഭത്തിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ കാമ്പെയ്ൻ. ബഹ്റൈനിലെ ഫിലിപ്പിനോ സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ളതാണിത്. ഹെൽത്തി പിനോയ് കാമ്പെയ്നിന്റെ ഭാഗമായി ബഹ്റൈനിലുടനീളമുള്ള എല്ലാ ഫിലിപ്പിനോകൾക്കും ആഗസ്റ്റ് മുഴുവൻ എല്ലാ അൽ ഹിലാൽ ശാഖകളിലും സൗജന്യ ആരോഗ്യപരിശോധനകൾ ലഭിക്കും.
ഔദ്യോഗിക കാമ്പയിൻ ആഗസ്റ്റ് ഒന്നിന് അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ (മനാമ സെൻട്രൽ ബ്രാഞ്ച്) ആരംഭിക്കും. രാവിലെ 7.30 മുതൽ സൗജന്യ രക്തപരിശോധന ആരംഭിക്കും. രക്തത്തിലെ പഞ്ചസാര, ആകെ കൊളസ്ട്രോൾ, വൃക്കയുടെ പ്രവർത്തനം (ക്രിയാറ്റിനിൻ), കരൾ പരിശോധന (എസ്.ജി.പി.ടി), യൂറിക് ആസിഡ് എന്നീ പരിശോധനകൾ ഇതിൽ ഉൾപ്പെടും. പരിശോധനഫലങ്ങളുടെ വിലയിരുത്തലിനായി സൗജന്യ ഡോക്ടർ കൺസൾട്ടേഷനുകളുണ്ടാകും. എം.ഡബ്ല്യു.ഒ, ഒ.ഡബ്ല്യു.ഡബ്ല്യു.എ, എസ്.എസ്.എസ് എന്നിവയുടെ പിന്തുണ ഉൾപ്പെടെ ഫിലിപ്പൈൻ എംബസി നൽകുന്ന കോൺസുലർ ഔട്ട്റീച്ച് സേവനങ്ങളുമുണ്ടാകും.
രാവിലെ ഒമ്പത് മുതൽ പത്ത് വരെ ഡോ. നൗഫൽ നസറുദ്ദീന്റെ 'ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമവും രക്താതിമർദവും പ്രമേഹവും തടയലും' എന്ന പ്രത്യേക ആരോഗ്യ അവബോധ പ്രഭാഷണമുണ്ടാകും. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ തുടർച്ചയായ ഉദാരമതിത്വത്തിനും പിന്തുണക്കും അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് നന്ദിപറഞ്ഞു. ഫിലിപ്പീൻസ് എംബസിയുടെ അചഞ്ചലമായ പിന്തുണക്ക് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രനും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.