മനാമ: ഗൾഫ് സെക്ടറുകളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ( ഐ.സി.എഫ്) ബഹ്റൈൻ നാഷനൽ കമ്മിറ്റി പ്രസ്താവിച്ചു. ശൈത്യ കാല ഷെഡ്യൂളുകളിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് ഗൾഫിലേക്കുള്ള വിമാന സർവിസുകൾ റദ്ദ് ചെയ്യുന്നതായി എയർ ഇന്ത്യ അറിയിച്ചത്.
കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ശൈത്യകാല സർവിസുകളാണ് പ്രധാനമായും നിർത്തലാക്കിയത്. മലബാർ മേഖലയിൽനിന്നുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഐ.സി.എഫ് കുറ്റപ്പെടുത്തി.
സമ്മർ ഷെഡ്യൂളുകളിൽ ഗൾഫ് സെക്ടറിറിൽനിന്ന് 96 സർവിസുകൾ ഉണ്ടായിരുന്നത് 54 ആക്കി കുറച്ചിരിക്കുകയാണ്. മാത്രവുമല്ല, കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് നേരിട്ട് സർവിസുകൾ ഉണ്ടായിരിക്കുകയുമില്ല.
എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് നടപടി പ്രവാസികൾക്ക് വലിയ യാത്രാദുരിതമാണ് വരുത്തിവെക്കുന്നതെന്നും ഐ.സി.എഫ് അഭിപ്രായപ്പെട്ടു.
സർവിസ് സമയങ്ങളിൽ കൃത്യത പാലിക്കാത്തതും മറ്റും കാരണമുള്ള ദുരിതങ്ങൾതന്നെ നിലവിൽ പ്രവാസികൾക്ക് തലവേദനയാണ്. ഉള്ള സർവിസ് റദ്ദാക്കുക കൂടി ചെയ്യുന്നതിലൂടെ മലബാറിൽനിന്നുള്ള ഗൾഫ് യാത്രക്കാരുടെ ദുരിതം വീണ്ടും വർധിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ഐ.സി.എഫ്. ബഹ്റൈൻ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.