എ​യ​ർ ആം​ബു​ല​ൻ​സ് സ​ർ​വി​സ് ബ​ഹ്റൈ​നി​ൽ

മ​നാ​മ: അത്യാവശ്യഘട്ടങ്ങളിൽ ഉപകരിക്കുന്ന എയർ ആംബുലൻസ് സർവിസിന് ബഹ്റൈനിൽ ഉടൻ തുടക്കമാകും. അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്ന മെഡിക്കൽ പ്രഫഷനലുകളുടെ സേവനം എയർ ആംബുലൻസുകളിലുണ്ടാകും. ഇതുവഴി അത്യാഹിത മേഖലകളിൽ പെട്ടെന്ന് എത്താൻ കഴിയുമെന്നു മാത്രമല്ല, ജീവൻ രക്ഷിക്കാനും കഴിയും.

അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനായി 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ആംബുലൻസ്. എയർ ആംബുലൻസ് സർവിസ് ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. വിവിധ സാഹചര്യങ്ങളിൽ രോഗികളുടെയും പരിക്കേറ്റവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഈ ഹെലികോപ്ടറുകളിലുണ്ടാകും. ഈ വർഷാവസാനം ഔദ്യോഗിക ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എയർ, സീ ആംബുലൻസുകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരുന്നു. നിലവിൽ 12 ആംബുലൻസ് സെന്ററുകളും മൂന്ന് ആംബുലൻസ് പോയന്റുകളും രാജ്യത്തുണ്ട്. പുതിയ എയർ ആംബുലൻസുകളെ ഉൾക്കൊള്ളുന്നതിനായി കേന്ദ്രങ്ങളുടെ എണ്ണം 21 ആയി ഉയർത്താൻ പദ്ധതിയുണ്ട്. ഭാവിയിൽ ആംബുലൻസ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാൻ എ.ഐ സാങ്കേതികവിദ്യയും ഉപയോഗിക്കും.

രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വിസിന് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ആരംഭിച്ച ഗവണ്‍മെന്റ് ഇന്നൊവേഷന്‍ മത്സരത്തില്‍ ഉയര്‍ന്ന നിര്‍ദേശം സര്‍ക്കാർ അംഗീകരിക്കുകയായിരുന്നു.

സേവനമാവശ്യമുള്ളവർ 999 എന്ന എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പറിലാണ് വിളിക്കേണ്ടത്. ഇടുങ്ങിയ നിരത്തുകളും ഗതാഗതക്കുരുക്കും കാരണം ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലാണ് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സുകൾ എത്തുക.

Tags:    
News Summary - Air Ambulance Service at Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.