റൈഹാന സുഹൈർ തന്‍റെ കടയായ റൈഹാന സ്റ്റേഷന് മുന്നിൽ
മനാമ: കഴിഞ്ഞ ദിവസമാണ് ബഹ്റൈനിലെ ബുദയ്യ ചേർത്തുപിടിക്കലിന്‍റെ അതിമനോഹരമായ ഒരു കാഴ്ചക്ക് സാക്ഷ്യം വഹിച്ചത്. മധുരപലഹാരങ്ങൾക്കും കേക്കുകൾക്കും പേരുകേട്ട, ബുദയ്യ ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഭക്ഷണപ്രേമികളുടെ ഇഷ്ടയിടമായ 'റൈഹാന സ്റ്റേഷൻ' എന്ന ഫുഡ് ട്രക്കിനെയും അതിന്‍റെ ഉടമ റൈഹാന സുഹൈറിനയും ചേർത്തുപിടിച്ച മനുഷ്യസ്നേഹികളുടെ കരുതലാണ് ഇന്ന് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. പതിവുപോലെ കഴിഞ്ഞ ദിവസം കടതുറക്കാനെത്തിയതായിരുന്നു റൈഹാന. ആ സമയത്താണ് തന്‍റെ കടയിൽ മോഷണം നടന്നതായി അവർ അറിയുന്നത്. ഇലക്ട്രിക്കൽ വയറിംഗും എയർ കണ്ടീഷണർ യൂനിറ്റും മോഷ്ടാക്കൾ കൊണ്ടുപോയി. കട തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് റൈഹാന തനിക്കുണ്ടായ ദുരനുഭവം പറഞ്ഞ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചത്.
വിഡിയോ വലിയ രീതിയിൽ തന്നെ ബഹ്റൈനിലാകെ പ്രചരിക്കപ്പെട്ടു. പിന്നാലെ ബഹ്‌റൈനിലെ ഭക്ഷണപ്രേമികളും പൊതുജനങ്ങളും ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. അത്ഭുതം എന്നു പറയട്ടെ, കരുതലിന്‍റെ ആ മനുഷ്യ കരങ്ങളുടെ ചേർത്തുപിടിക്കലിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കട വീണ്ടും തുറന്ന് പ്രവർത്തിക്കാൻ റൈഹാനക്ക് സാധിച്ചു. മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ താല്ക്കാലിക വൈദ്യുതി സംവിധാനങ്ങൾ ഒരുക്കി രാത്രി 9.30ഓടെ കട തുറന്നു. സാധാരണ നിലയിലുള്ള മെനു പൂർണ്ണമായി ലഭ്യമല്ലായിരുന്നിട്ടും, സ്ഥാപനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ബുദയ്യ ഹൈവേയിൽ വാഹനങ്ങളുടെയും ആളുകളുടെയും നീണ്ട നിരയാണ് ദൃശ്യമായത്. ഈ സംഭവം എന്നെ തളർത്തിയില്ലെന്നും പകരം സങ്കടപ്പെടുത്തിയെന്നുമാണ് റൈഹാനയുടെ വൈകാരികമായ മറുപടി. എനിക്ക് വേണ്ടത് എന്‍റെ ഉപഭോക്താക്കളുടെ ഈ സ്നേഹവും സാന്നിധ്യവുമാണെന്നും നന്ദി വാക്കായി റൈഹാന സുഹൈർ പറഞ്ഞു. കട നന്നാക്കാനും മധുരപലഹാരങ്ങൾ തയ്യാറാക്കാനും പോലും ആളുകൾ സന്നദ്ധരായി മുന്നോട്ടുവന്നുവെന്നും അവർ നന്ദിയോടെ സ്മരിച്ചു.
മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹത്തിന്റെ കൂട്ടായ്മയും പ്രതിരോധവും തെളിയിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ ബുദയ്യ ഹൈവേയിൽ കണ്ടത്. ‘മോഷണത്തേക്കാൾ കരുത്തുള്ളത് മനുഷ്യത്വത്തിനാണ്’ എന്ന് തെളിയിച്ചാണ് ജനങ്ങൾ അവിടെ നിന്നും മടങ്ങിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വിരലടയാളങ്ങൾ ശേഖരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.