മനാമ: ഭരണനിർവഹണം നവീകരിക്കാനും, നിയമനിർമാണ വിവരങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ബഹ്റൈൻ പാർലമെന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പിന്തുണയുള്ള അത്യാധുനിക സ്മാർട്ട് പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി. ബഹ്റൈൻ പ്രഫഷനലുകളുടെ നേതൃത്വത്തിലുള്ള വിപുലമായ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭങ്ങൾ.
ബഹ്റൈൻ പാർലമെന്റിനെ ലോകത്തിലെ ഏറ്റവും സാങ്കേതികമായി മുന്നിട്ട് നിൽക്കുന്ന ഒന്നാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പാർലമെന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ സിസി അൽ ബുഐനൈൻ പറഞ്ഞു. ഈ സംരംഭങ്ങൾ നവീകരണം, കാര്യക്ഷമത, തുറന്ന സമീപനം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ പ്രവർത്തനങ്ങളെ സമൂലമായി മാറ്റുന്ന നാല് പ്രധാന പ്ലാറ്റ്ഫോമുകളാണ് അൽ ബുഐനൈൻ പരിചയപ്പെടുത്തിയത്.
‘അനലിറ്റിക്കൽ സെഷൻ പ്ലാറ്റ്ഫോം’ വഴി റെക്കോഡ് ചെയ്ത പാർലമെന്റ് സെഷനുകൾ വിശകലനം ചെയ്യാൻ ഇനി എ.ഐ ഉപയോഗിക്കും. ‘സ്മാർട്ട് റിസർച്ചർ’ മുഖേനെ വിഡിയോകൾ, ഓഡിയോ റെക്കോഡിങ്ങുകൾ, ബന്ധപ്പെട്ട രേഖകൾ എന്നിവയിൽ ഒരേസമയം തിരയാൻ ഉപയോക്താക്കളെ സഹായിക്കും. ‘ഡേറ്റ പ്ലാറ്റ്ഫോം’ എ.ഐ, മെഷീൻ ലേണിങ് എന്നിവ ഉപയോഗിച്ച് പാർലമെന്ററി ഡേറ്റയുടെ വിഷ്വലൈസേഷനും വിശകലനത്തിനും ഊന്നൽ നൽകുന്നു.
സ്മാർട്ട് പാർലമെന്ററി പ്ലാറ്റ്ഫോമിലൂടെ വിവിധ പാർലമെന്ററി സംവിധാനങ്ങളെ ഒരൊറ്റ ഇന്ററാക്ടിവ് പരിതസ്ഥിതിയിലേക്ക് സംയോജിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.