മനാമ: രാജ്യത്തെ കാർഷിക മേഖലക്ക് പുത്തൻ ഉണർവേകി ഫാർമേഴ്സ് മാർക്കറ്റ് കുതിക്കുന്നു. 2025–2026 സീസൺ ആരംഭിച്ച് ഒമ്പതു ആഴ്ച പിന്നിടുമ്പോൾ ഏകദേശം 212 ടൺ പ്രാദേശിക പച്ചക്കറികളാണ് മാർക്കറ്റിൽ വിറ്റഴിച്ചത്. 104 വ്യത്യസ്ത ഇനം കാർഷിക വിളകൾ വിപണിയിലെത്തിയത് ബഹ്റൈന്റെ ഭക്ഷ്യസുരക്ഷ രംഗത്തെ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. പ്രാദേശികമായി ഉൽപാദിപ്പിച്ച പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് തക്കാളിയാണ്. 11,954 കിലോ തക്കാളിയാണ് ഈ കാലയളവിൽ മാത്രം വിറ്റഴിച്ചത്. റെഡ് ചെറി തക്കാളി 9,525 കിലോ, മത്തങ്ങ 8,524 കിലോ, വഴുതന 8,355 കിലോ, കോളിഫ്ലവർ (വെള്ള) 7,424 കിലോ എന്നീ പച്ചക്കറികളും വലിയ തോതിൽ വിറ്റഴിക്കപ്പെട്ടു. ഇവ കൂടാതെ ചോളം, കക്കിരി, ബീറ്റ്റൂട്ട് തുടങ്ങിയവക്കും വിപണിയിൽ വലിയ പ്രിയമാണ് ലഭിച്ചത്. മുനിസിപ്പാലിറ്റി-കാർഷിക മന്ത്രാലയവും നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ സെക്ടർ ഡെവലപ്മെന്റും സംയുക്തമായാണ് ഈ വിപണി ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാൻ ഈ പ്ലാറ്റ്ഫോം വലിയ സഹായമാണ് നൽകുന്നത്.
സ്വദേശികളും പ്രവാസികളും സന്ദർശകരും ഉൾപ്പെടെ വലിയൊരു ജനവിഭാഗം ആഴ്ചതോറും മാർക്കറ്റിലേക്ക് എത്തുന്നുണ്ട്. തദ്ദേശീയമായ ഉൽപന്നങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വർധിക്കുന്നതായും ദേശീയ ഉൽപന്നങ്ങളെ പിന്തുണക്കുന്ന സംസ്കാരം വളരുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. ഈ സീസണിലെ ഫാർമേഴ്സ് മാർക്കറ്റ് 2026 ഫെബ്രുവരി 14 വരെ സന്ദർശകർക്കായി തുറന്നിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.