ബഹ്റൈൻ തീരത്ത് പിടിച്ചെടുത്ത ഉപകരണങ്ങൾ
മനാമ: രാജ്യത്തെ സമുദ്ര പരിസ്ഥിതിക്കും പ്രകൃതി വിഭവങ്ങൾക്കും ഭീഷണിയാകുന്ന നിയമവിരുദ്ധ മീൻപിടിത്ത രീതികൾക്കെതിരെ കോസ്റ്റ്ഗാർഡ് നടപടികൾ ശക്തമാക്കി. കഴിഞ്ഞ ജനുവരിയിലെ പരിശോധനകളിൽ 700ലധികം നിരോധിത മീൻപിടിത്ത ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. 684 നിരോധിത കൂടുകളും 28 നിയമവിരുദ്ധമായ വലകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇതിലും വലിയ തോതിൽ വേട്ട നടന്നിരുന്നു. അന്ന് 1,020 കൂടുകളും 171 വലകളും ഉൾപ്പെടെ 1,191 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കടലിലെ സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കുക, മത്സ്യസമ്പത്ത് നിലനിർത്തുക, നിയമങ്ങൾ പാലിക്കാൻ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുക എന്നിവയാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം.
അതിന് പുറമേ ഫെബ്രുവരി ഒന്ന് മുതൽ ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആറുമാസത്തെ വാർഷിക നിരോധനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ജൂലൈ 31 വരെയാണ് ഈ നിയന്ത്രണം. കടലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനാണ് ഈ നീക്കം. 2002ലെ സമുദ്രവിഭവ സംരക്ഷണ നിയമപ്രകാരം നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷയാണ് കാത്തിരിക്കുന്നത്. ഒരു മാസം വരെ ജയിൽ ശിക്ഷയും 300 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയും, അല്ലെങ്കിൽ ഇവ രണ്ടും കൂടി ലഭിക്കാം. കൂടാതെ, ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്ത മത്സ്യങ്ങളും അധികൃതർ കണ്ടുകെട്ടും. എല്ലാ മത്സ്യത്തൊഴിലാളികളും രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.