മനാമ പോസ്റ്റ് ഓഫിസ്
മനാമ: മനാമ പോസ്റ്റ് ഓഫിസ് പുനരുദ്ധാരണ പദ്ധതി ആഗാ ഖാൻ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. ആർക്കിടെക്ചർ വിഭാഗത്തിലാണ് അവാർഡിന് പരിഗണിക്കുന്നത്. ആഗാഖാൻ ഡെവലപ്മെന്റ് നെറ്റ്വർക്ക് ആണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 16 രാജ്യങ്ങളിൽനിന്നുള്ള 20 പ്രോജക്ടുകളാണ് മത്സരത്തിനുള്ളത്. 1937ൽ നിർമിക്കപ്പെട്ട കെട്ടിടം ബഹ്റൈനിലെ ഏറ്റവും പഴക്കമുള്ള മന്ദിരങ്ങളിലൊന്നാണ്. ആദ്യകാലത്ത് കസ്റ്റംസ് ഹൗസായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 4400 മെയിൽ ബോക്സുകളും തപാൽ ഉരുപ്പടികൾ തരംതിരിക്കാനുള്ള സൗകര്യവും ഉൾക്കൊള്ളുന്ന പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിച്ചു. കെട്ടിടം മറച്ചുകൊണ്ടുനിന്നിരുന്ന പോർട്ടിക്കോ നീക്കം ചെയ്യുകയും ചെയ്തു.
പ്രവർത്തനക്ഷമമായ പോസ്റ്റ് ഓഫിസ് എന്ന നിലയിലേക്ക് കെട്ടിടം മാറ്റിയെടുക്കാൻ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പഴയ ബാൽക്കണികൾ പുനഃസ്ഥാപിക്കുകയും പൊതുജനങ്ങൾക്ക് പ്രവേശനം സാധ്യമാക്കുകയും ചെയ്തു.
രണ്ടാംതവണയാണ് ബഹ്റൈൻ പുരസ്കാരത്തിന് നിർദേശിക്കപ്പെടുന്നത്. 2019ൽ മുഹറഖ് നവീകരണ പദ്ധതിക്ക് ബഹ്റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റിക്കും ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫക്കും പുരസ്കാരം ലഭിച്ചിരുന്നു.
ആർക്കിടെക്ചർ, പ്ലാനിങ്, ചരിത്ര സ്മാരക സംരക്ഷണം, ലാൻഡ്സ്കേപ് ആർക്കിടെക്ചർ എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന പദ്ധതികൾക്ക് മൂന്നുവർഷം കൂടുമ്പോഴാണ് ആഗാ ഖാൻ അവാർഡ് സമ്മാനിക്കു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.