കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

മനുഷ്യാവകാശ ഉന്നതാധികാര സമിതി രൂപവത്കരിക്കും

മനാമ: വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ഉന്നതാധികാര സമിതി രൂപവത്കരിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 18 സർക്കാർ അതോറിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി മുന്നോട്ടുവെച്ച നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതായി യോഗം വിലയിരുത്തി. കോവിഡിനെ നേരിടുന്നതിനുള്ള പ്രത്യേക സമിതിയുടെ പ്രവർത്തനത്തിന്​ ആരോഗ്യ മന്ത്രാലയം, സന്നദ്ധ സേവകർ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ, പൊതുജനങ്ങൾ എന്നിവർ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങളുടെ അവബോധവും സഹകരണവും പ്രശംസനീയമാണ്. ഇതിനാൽ കോവിഡ് വ്യാപനത്തോത് കുറയുന്നതായും യോഗം വിലയിരുത്തി. ആരോഗ്യപ്രവർത്തകരുടെ ആത്മാർഥമായ പ്രവർത്തനം മാതൃകപരമാണെന്ന് കിരീടാവകാശി പറഞ്ഞു.

ഓസ്​ട്രിയയിലെ വിയനയിൽ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ ആക്രമണത്തെ കാബിനറ്റ് അപലപിച്ചു. തീവ്രവാദം ഇല്ലായ്​മ ചെയ്യാൻ ഓസ്‌ട്രിയൻ സർക്കാർ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്‌തു.യുവജന, കായിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ കളിക്കാർ, പരിശീലകർ, സാങ്കേതിക, അഡ്​മിനിസ്ട്രേറ്റിവ്, മെഡിക്കൽ, ആർബിട്രേഷൻ ജീവനക്കാരെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമ വ്യവസ്ഥ ബാധകമാക്കുന്നതിൽനിന്ന് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ ക്ലബുകൾക്ക് ഏർപ്പെടുത്തിയ സാമൂഹിക ഇൻഷുറൻസ് നിയമത്തിൽനിന്ന്​ ഇവരെ ഒഴിവാക്കാനും അംഗീകാരം നൽകി.

ബഹ്‌റൈൻ സർക്കാറും ഇസ്രായേൽ ഭരണകൂടവും തമ്മിൽ വിമാനസർവിസുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിടാൻ മന്ത്രിസഭ അംഗീകാരം നൽകി. ഗതാഗത, ടെലികോം മന്ത്രിയെ ഇതിന്​ ചുമതലപ്പെടുത്തുകയും ചെയ്‌തു. പൊതുജനങ്ങൾക്ക് ടെലികോം കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന ഇൻറർനെറ്റ് സേവനം ശരിയായ വിധത്തിൽ നൽകുന്നത് പരിശോധിക്കാൻ സംവിധാനമേർപ്പെടുത്തണമെന്ന പാർലമെൻറ്​ നിർദേശം അംഗീകരിച്ചു.മന്ത്രിമാർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്ത റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിക്കുകയും ചെയ്‌തു. മന്ത്രിസഭ തീരുമാനങ്ങൾ സെക്രട്ടറി ഡോ. യാസിർ ബിൻ ഈസ അന്നാസിർ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.