പ്രവാസി സ്ത്രീകളുടെ പ്രിയ രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന് അഞ്ചാം സ്ഥാനം 

മനാമ: പ്രവാസി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന് അഞ്ചാം സ്ഥാനം. ‘ഇന്‍റര്‍ നാഷന്‍സ് എക്സ്പാറ്റ് ഇന്‍സൈഡര്‍ 2016 സര്‍വെ’യിലെ വിവരമനുസരിച്ചാണ് പുതിയ റാങ്കിങ്. ലക്സംബര്‍ഗ്, തായ്വാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ചാര്‍ട്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്. 
ഹംഗറിക്ക് നാലാം സ്ഥാനമാണ്. ആദ്യപത്തില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇടം നേടിയ ഒരേയൊരു രാജ്യമാണ് ബഹ്റൈന്‍. ബഹ്റൈന് പിന്നാലെ ആസ്ട്രേലിയ, ഇക്വഡോര്‍, ന്യൂസിലാന്‍റ്, നോര്‍വെ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണുള്ളത്. 
ഇവിടെ താമസമുറപ്പിക്കാനുള്ള സൗകര്യം, ജോലിയും ജീവിതവും തമ്മിലുള്ള സംതുലനാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങള്‍ വിലയിരുത്തിയാണ് റാങ്കിങ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. 
ബഹ്റൈനില്‍ സര്‍വെയില്‍ പങ്കെടുത്ത 73ശതമാനം സ്ത്രീകളും തങ്ങള്‍ ജോലിയില്‍ സംതൃപ്തരാണെന്ന് പറഞ്ഞു. ഇതില്‍ ആഗോള ശരാശരി 62ശതമാനമാണ്. ബഹ്റൈനിലെ സ്ത്രീകള്‍ പ്രദേശവാസികളുമായി സൗഹൃദം സ്ഥാപിക്കാനും എളുപ്പമാണെന്ന് പറയുന്നു. അന്താരാഷ്ട്ര വനിതാദിനാഘോഷ വേളയിലാണ് ഈ സര്‍വെ ഫലം വന്നതെന്ന കാര്യം ബഹ്റൈന് ആഹ്ളാദകരമാണ്. ബഹ്റൈനിലെ സൗഹൃദാന്തരീക്ഷമാണ് പ്രവാസി സ്ത്രീകള്‍ക്ക് അനുകൂലമാകുന്നതെന്ന് ‘ഇന്‍റര്‍ നാഷന്‍സ്’ പ്രസ്താവനയില്‍ പറഞ്ഞു. താമസമുറപ്പിക്കാന്‍ എളുപ്പമുള്ള ഇടമെന്ന നിലയില്‍ രാജ്യത്തിന് ആറാം സ്ഥാനമുണ്ട്. 
പ്രദേശവാസികളുമായി സൗഹൃദം സ്ഥാപിക്കാന്‍ എളുപ്പമാണെന്ന് കരുതുന്നവരുടെ ശതമാനം 27വരും ബഹ്റൈനില്‍. ഇത് ആഗോളതലത്തില്‍ 11ശതമാനമാണ്. മേഖലയിലെ ഖത്തര്‍, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ 48, 49, 52 സ്ഥാനങ്ങളിലാണ്. സൗദിയിലും ഖത്തറിലുമുള്ള പല സ്ത്രീകളും ജീവിതവും തൊഴിലും തമ്മിലുള്ള സംതുലനാവസ്ഥ പാലിക്കാന്‍ പെടാപാട് പെടുകയാണെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടങ്ങളില്‍ ആഴ്ചയിലെ ശരാശരി തൊഴില്‍ സമയം 42.6 ഉം 44.8ഉം മണിക്കൂര്‍ വീതമാണ്. ഇതിന്‍െറ ആഗോളശരാശരി 39 മണിക്കൂറാണ്. 
റാങ്കില്‍ വന്ന 57 രാഷ്ട്രങ്ങളില്‍, ഏറ്റവും പിറകിലുള്ളത് ഗ്രീസ് ആണ്. 
സര്‍വെക്കായി 14,300 പ്രവാസികളെയാണ് സമീപിച്ചത്. ഇവരില്‍ 174 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു. 
ഇവര്‍ 191 രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ജീവിതവും ജോലിയും മറ്റുമായി ബന്ധപ്പെട്ട 43 വ്യത്യസ്ത കാര്യങ്ങളാണ് സര്‍വെയില്‍ ഉന്നയിച്ചത്. ജോലിയോ ബിസിനസോ മൂലമാണ് തങ്ങള്‍ക്ക് സ്വന്തം രാജ്യം വിടേണ്ടിവന്നതെന്ന് പ്രവാസ ജീവിതം നയിക്കുന്നവരില്‍ പകുതിയോളം സ്ത്രീകളും പറഞ്ഞു.

News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.