മലയാളി കവര്‍ച്ചക്കിരയായി 

മനാമ: മനാമ ബസ്സ്റ്റാന്‍റിനു സമീപം മലയാളി കവര്‍ച്ചക്കിരയായി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. സിത്ര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ ഹൗസില്‍ ജോലി ചെയ്യുന്ന ബിനു ജയ്ദേവ് തിരിച്ചുപോകാനായി ടാക്സിക്കാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. കൃത്യമായ ചില്ലറ നല്‍കണമെന്ന് ടാക്സിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍, ചില്ലറയുണ്ടെന്ന് ഉറപ്പുവരുത്താനായി ബിനു പഴ്സ് എടുത്ത് പരിശോധിച്ചു. ഈ സമയം അപ്രതീക്ഷിതമായി പുറകില്‍ നിന്നത്തെിയ ആള്‍ പഴ്സ് തട്ടിപ്പറിച്ച് ഓടി. ബിനു ഒച്ചവച്ചെങ്കിലും മോഷ്ടാവ് ഇരുളില്‍ മറഞ്ഞിരുന്നു. തുടര്‍ന്ന് ഉടന്‍ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും അടുത്ത ദിവസം തന്നെ നഈം സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ബിനു ബഹ്റൈനിലത്തെിയിട്ട് നാലുമാസമാകുന്നതേയുള്ളൂ. പഴ്സില്‍ എ.ടി.എം -ക്രെഡിറ്റ് കാര്‍ഡുകളും, സി.പി.ആര്‍ ഉള്‍പ്പെടെയുള്ള രേഖകളും 60 ദിനാറും ഉണ്ടായിരുന്നു.  മനാമ മേഖലയില്‍ മുമ്പും പിടിച്ചുപറി പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതാനും മാസം മുമ്പ് ബസ്സ്റ്റാന്‍റിന് സമീപം വെച്ച് പുലര്‍ച്ചെ മലയാളിയുടെ പഴ്സ് കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റ് തൊഴിലാളിയുടെ പഴ്സാണ് അന്ന് നഷ്ടമായത്. ഇവിടെ അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.