ചികിത്സ : പ്രവാസികളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് 

മനാമ: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചികിത്സാസൗകര്യങ്ങള്‍ ഉപയോഗിക്കുന്ന പ്രവാസികളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വീട്ടുജോലിക്കാര്‍ക്കും തൊഴിലുടമ വാര്‍ഷിക ആരോഗ്യ ഫീസ് അടക്കാത്തവര്‍ക്കും ഡോക്ടറെ കാണാനുള്ള തുക വര്‍ധിപ്പിച്ചതിന് പിന്നാലെയാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെല്‍ത്ത് സെന്‍ററുകളിലും മറ്റും കണ്‍സള്‍ട്ടേഷന്‍ ചാര്‍ജ് മൂന്ന് ദിനാറില്‍ നിന്ന് ഏഴുദിനാറാക്കി വര്‍ധിപ്പിച്ചത്. എല്ലാ രംഗത്തുമുള്ള ചെലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. 
ഇതനുസരിച്ച് പ്രവാസികള്‍ക്കുള്ള  ലാബ്, എക്സ്റേ, റേഡിയോളജി, ഇതര പരിശോധനകളുടെ പുതുക്കിയ നിരക്കുപട്ടിക കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം ഹെല്‍ത്ത് സെന്‍ററുകളുടെ ഡയറക്ടര്‍ സീമ സെയ്നല്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. തൊഴിലുടമകള്‍ വാര്‍ഷിക ആരോഗ്യസംരക്ഷണ ഫീസ് ഇനത്തില്‍ 72ദിനാര്‍ അടച്ചവര്‍ക്ക് ഇത് ബാധകമാകില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
പുതിയ നിര്‍ദേശം ബാധകമാകുന്നവര്‍ക്ക് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് മരുന്നും കിട്ടില്ല. അത് ഇവര്‍ സ്വന്തം നിലയില്‍ സ്വകാര്യ ഫാര്‍മസികളില്‍ നിന്ന് വാങ്ങണം. രാജ്യത്തെ 28 ഹെല്‍ത്ത് സെന്‍ററുകളില്‍ കഴിഞ്ഞ വെള്ളി മുതല്‍ പുതിയ നിരക്കാണ് ഈടാക്കുന്നത്.  വിസ എടുക്കുന്ന സമയത്ത് തന്നെ കമ്പനികള്‍ ഹെല്‍ത്ത്കെയര്‍ ചാര്‍ജ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (എല്‍.എം.ആര്‍.എ) അടക്കേണ്ടതുണ്ട്. 
 എണ്ണവിപണിയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് 2015 അവസാനത്തോടെയാണ് സര്‍ക്കാര്‍ വിവിധ രംഗങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്. ആശുപത്രികളിലും ഹെല്‍ത്ത് സെന്‍ററുകളിലുമുള്ള ജീവനക്കാര്‍ പ്രവാസികളായ രോഗികള്‍ എത്തുമ്പോള്‍ അവരില്‍ നിന്ന് ഏത് ഫീസാണ് വാങ്ങേണ്ടതെന്ന കാര്യത്തിന് എല്‍.എം.ആര്‍.എ വെബ്സൈറ്റ് ആണ് ഉപയോഗിക്കുന്നത്. ഹെല്‍ത്ത് കെയര്‍ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം തിരിച്ചറിയത്തക്കവിധമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി സീമ സെയ്നല്‍ വ്യക്തമാക്കി. 
   തൊഴിലാളികളുടെ ഹെല്‍ത്ത്കെയര്‍ ഫീസ് അടക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്ന് എല്‍.എം.ആര്‍.എ അധികൃതരും വ്യക്തമാക്കി. സ്വകാര്യ ഇന്‍ഷൂറന്‍സ് എല്ലാ ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവുള്ളത്. ഇതിന് ആരോഗ്യമന്ത്രാലയത്തിന്‍െറ അനുമതിയുണ്ടാകണമെന്നും വ്യവസ്ഥയുണ്ട്. സ്വന്തം മെഡിക്കല്‍ ക്ളിനിക്കുകളുള്ള സ്ഥാപനങ്ങള്‍ക്കും ഇളവുകളുണ്ട്. 2014ലാണ് ഹെല്‍ത്ത്കെയര്‍ ഫീസ് പ്രതിവര്‍ഷം പ്രവാസി തൊഴിലാളികള്‍ക്ക് 72ദിനാറും ബഹ്റൈനികള്‍ക്ക് 22.5ദിനാറുകമാക്കി വര്‍ധിപ്പിച്ചത്. നേരത്തെ ഇത് യഥാക്രമം പ്രവാസികള്‍ക്ക് അഞ്ചും ബഹ്റൈനികള്‍ക്ക് 1.5ഉം ദിനാര്‍ വീതമായിരുന്നു. പുതിയ ദേശീയ സാമൂഹിക ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിലവില്‍ വരുന്നതോടെ വര്‍ധിപ്പിച്ച ഫീസ് എടുത്തുകളയുമെന്നും വാര്‍ത്തയുണ്ട്. ഈ പദ്ധതി പ്രകാരം തൊഴിലുടമകള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്കായി അനുയോജ്യമായ പോളിസികള്‍ വാങ്ങേണ്ടതുണ്ട്. 
 പുതിയ ഫീസ് നിരക്ക് വന്നതോടെ താഴ്ന്ന വരുമാനമുള്ളവരും ഇടത്തരക്കാരും അങ്കലാപ്പിലാണ്. ഇടത്തരം വരുമാനക്കാര്‍ വരെ കുടുംബമായി താമസിക്കുന്ന സാഹചര്യമാണ് ബഹ്റൈനിലുള്ളത്. വലിയ സമ്പാദ്യമൊന്നുമില്ളെങ്കിലും കുടുംബത്തോടൊപ്പം അധികം ചെലവില്ലാതെ കഴിയാം എന്നാണ് പലരുടെയും കണക്കുകൂട്ടല്‍. പുതിയ സാഹചര്യത്തില്‍ അത് തകിടം മറിയും. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിത ചെലവ് കൂടിയതോടെ, പ്രവാസികള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് ബഹ്റൈനിലും ആവര്‍ത്തിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.