ബഹ്റൈനില്‍ ‘ബോളിവുഡ് സിറ്റി’ തുടങ്ങാന്‍ ആലോചന 

മനാമ: ഹിന്ദി സിനിമാലോകത്തെ ലക്ഷ്യമിട്ട് ബഹ്റൈനില്‍ ഷൂട്ടിങിനും മറ്റുമായി ‘ബോളിവുഡ് സിറ്റി’ തുടങ്ങാന്‍ ആലോചന. ഇതിന്‍െറ സാധ്യതകള്‍ ആരായാനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കൗണ്‍സിലര്‍മാരോട് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 
പഠനം നടത്തുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ജൂണിനുമുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബഹ്റൈനില്‍ എത്തും. രാജ്യത്തിന്‍െറ തെക്കന്‍ തീരത്ത് റാസല്‍ ബാറിലാണ് ഇത് വരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 
സാംസ്കാരിക രംഗത്തെ കൈമാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയങ്ങള്‍ 2014ല്‍ ഒപ്പുവെച്ച കരാറിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയത്. 
പുതിയ കേന്ദ്രത്തില്‍ ബോളിവുഡ് കമ്പനികള്‍ക്കായി ഒൗട്ഡോര്‍ സ്റ്റുഡിയോകള്‍, പ്രൊഡക്ഷന്‍ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ് ഓഫിസുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും. സംഗീത പരിപാടികളും മറ്റും അവതരിപ്പിക്കാനുള്ള ഇടങ്ങളും തീം പാര്‍ക്കും ഒരുക്കും. പദ്ധതി സംബന്ധിച്ച ആലോചനകള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുരോഗമിക്കുന്നതായി സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പ്രാദേശിക പത്രത്തോട് പറഞ്ഞു. 
ആറുമാസത്തിനകം പഠനം തുടങ്ങാനുള്ള കരാര്‍ ഒപ്പിടാന്‍ ഇന്ത്യന്‍ അധികൃതര്‍ എത്തുമെന്നറിഞ്ഞ സാഹചര്യത്തില്‍ കൗണ്‍സിലര്‍മാര്‍ ഇന്ത്യന്‍ എംബസിയും  കാബിനറ്റുമായി കൂടിക്കാഴ്ചകള്‍ നടത്തും. 
അടുത്ത വര്‍ഷം അവസാനത്തോടെ പഠനം പൂര്‍ത്തിയാക്കാനാകും. 2019 ആദ്യം തന്നെ നിക്ഷേപത്തിനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ജി.സി.സി.രാജ്യങ്ങളില്‍ തന്നെ നിക്ഷേപ സാധ്യത ഏറ്റവുമധികമുള്ള ഇടമാണ് ബഹ്റൈനെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറേറ്റിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായിരിക്കും ബോളിവുഡ് സിറ്റി. 
ഇതിന് വന്‍ നിക്ഷേപ സാധ്യതയാണുള്ളത്. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കാനും പദ്ധതി വഴിയൊരുക്കും. മേഖലയില്‍ തന്നെയുള്ള പ്രൊഡക്ഷന്‍ കമ്പനികള്‍ ഷൂട്ടിങ്ങിനായി ബഹ്റൈന്‍ തെരഞ്ഞെടുക്കുന്ന സാഹചര്യവുമുണ്ടാകും. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.