പച്ചകുത്തല്‍ കേന്ദ്രങ്ങളെ  പ്രോത്സാഹിപ്പിക്കില്ളെന്ന് സര്‍ക്കാര്‍ 

മനാമ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പച്ചകുത്തല്‍ കേന്ദ്രങ്ങള്‍ക്കുനേരെ (ടാറ്റു പാര്‍ലറുകള്‍) സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയേക്കും. ബഹ്റൈനില്‍ പച്ചകുത്തല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2015 അവസാനം പാര്‍ലമെന്‍റ് സമിതി നല്‍കിയ നിര്‍ദേശത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ പച്ചകുത്തല്‍ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കില്ളെന്ന് വ്യക്തമാക്കിയത്. 
ബ്യൂട്ടി സലൂണുകള്‍ ടാറ്റു ചെയ്തുകൊടുക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പൊതുജനാരോഗ്യം പരിഗണിച്ചാണ് നടപടി. ഇക്കാര്യത്തില്‍ ആരോഗ്യ, വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങളുടെ സഹകരണം ഉറപ്പാക്കുന്നുണ്ട്. വ്യക്തികള്‍ക്കും സലൂണുകള്‍ക്കും ഷോപ്പുകള്‍ക്കുമൊന്നും ടാറ്റു ലൈസന്‍സ് നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്ന് മറുപടിയില്‍ പറയുന്നു. 
എം.പി.ജമാല്‍ ദാവൂദിന്‍െറ നേതൃത്വത്തിലാണ് 2015 നവംബറില്‍ ഇത് സംബന്ധിച്ച നിര്‍ദേശം ആദ്യം സമര്‍പ്പിച്ചത്. ചിലയാളുകള്‍ ഇപ്പോഴും വീട്ടില്‍ നിന്ന് ടാറ്റു ചെയ്തുകൊടുക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ജമാല്‍ ദാവൂദ് പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ മറുപടി ചര്‍ച്ച ചെയ്യവെ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഇവര്‍ ഇത് മാര്‍ക്കറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ജമാല്‍ ദാവൂദിന് പുറമെ, എം.പിമാരായ അബ്ദുല്‍ ഹലീം മുറാദ്, മുഹ്സിന്‍ അല്‍ ബക്രി, നബീല്‍ അല്‍ ബലൂഷി, അലി അല്‍ മുഖ്ല എന്നിവരും ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ആരോഗ്യമന്ത്രാലയം നേരത്തെ ഈ നിര്‍ദേശത്തെ പിന്തുണക്കുകയാണുണ്ടായത്.   എന്നാല്‍, അപാര്‍ട്മെന്‍റുകളും മറ്റും കേന്ദ്രീകരിച്ച് പച്ചകുത്തല്‍ തുടരുന്നവര്‍ക്കെതിരായ നടപടി എളുപ്പമല്ളെന്ന് പാര്‍ലമെന്‍റ്, ശൂറ കൗണ്‍സില്‍ മന്ത്രി ഘനിം അല്‍ ബുഐനയ്ന്‍ അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കണമെങ്കില്‍ ഒൗദ്യോഗികമായി പരാതി ലഭിക്കേണ്ടതുണ്ട്.
സലൂണുകളിലും മറ്റും പച്ചകുത്തല്‍ നടക്കുന്നുണ്ടോ എന്ന കാര്യം ആരോഗ്യ അധികൃതര്‍ പരിശോധിക്കുകയും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ പബ്ളിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ അപാര്‍ട്മെന്‍റുകളിലും മറ്റും ഇത്തരം പരിശോധന നടത്താനാകില്ല. 
എന്തെങ്കിലും ഊഹം വെച്ച് അവിടെ കയറി പരിശോധിക്കാന്‍ സാധിക്കില്ല. ആളുകളെ കയ്യോടെ പിടികൂടാനാകും എന്ന് ഉറപ്പുള്ള അപാര്‍ട്മെന്‍റുകളിലെ പൊലീസിനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും പരിശോധന നടത്താനാകൂ. 
എന്നാല്‍, ഇത്തരക്കാരെ അവഗണിക്കാന്‍ യാതൊരു ഉദ്ദേശവുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.