ബഹ്റൈനില്‍ 2016ല്‍ മരണപ്പെട്ടത് 186 ഇന്ത്യക്കാര്‍;  എല്ലാവരുടെയും മൃതദേഹം നാട്ടിലത്തെിച്ചു

മനാമ: ബഹ്റൈനില്‍ ഇന്ത്യക്കാരുടെ മരണത്തിന് പ്രധാനമായും കാരണമാകുന്നത് ഹൃദയാഘാതവും മസ്തിഷ്കാഘാതവുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍.  2016 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 186 ഇന്ത്യക്കാരാണ് ബഹ്റൈനില്‍ മരണപ്പെട്ടത്. 
മരണപ്പെട്ട മുഴുവന്‍ പേരുടെയും മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ സാധിച്ചതായും സാമൂഹിക പ്രവര്‍ത്തകര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിവിധ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ബഹ്റൈനില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ ബന്ധുക്കള്‍ക്ക് ഇടയിലേക്ക് എത്തിക്കാന്‍ സാധിച്ചത്. 
2015നെ അപേക്ഷിച്ച് 2016ല്‍ ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കില്‍ പൊതുവില്‍ കുറഞ്ഞുനില്‍ക്കുകയാണ്. 186 പേര്‍ മരിച്ചതില്‍ ആറ് പേരാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. ഇവരില്‍ നാല് പേര്‍ മലയാളികളും ഓരോരുത്തവര്‍ വീതം തമിഴ്നാട്, പഞ്ചാബ് സ്വദേശികളുമാണ്. 
മരണപ്പെട്ട ഇന്ത്യക്കാരില്‍ 60 ശതമാനത്തിലധികവും മലയാളികളാണെന്ന് സാമൂഹിക പ്രവര്‍ത്തകനും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് സഹായങ്ങള്‍ ചെയ്തു നല്‍കുന്ന വ്യക്തിയുമായ സുബൈര്‍ കണ്ണൂര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 40 വയസ്സിനും 50 വയസ്സിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത്. 
ഹൃദയാഘാതവും മസ്തിഷ്കാഘാതവും പക്ഷാഘാതവും പ്രവാസികളുടെ മരണത്തിന്‍െറ പ്രധാനകാരണമാകുന്നുണ്ട്. ഉറക്കത്തില്‍ ഹൃദയാഘാതം അനുഭവപ്പെട്ട് മരണം സംഭവിച്ച പത്തിലധികം സംഭവങ്ങള്‍ ഉണ്ടായതായും സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. 28ഉം 32ഉം വയസ്സുള്ളവര്‍ വരെ ഉറക്കത്തില്‍ മരണപ്പെട്ട സംഭവങ്ങളുണ്ടായി. 
ജീവിത ശൈലിയും കൃത്യമായി ചികിത്സ തേടാത്തതും ഭക്ഷണ ക്രമം പാലിക്കാത്തതും പ്രവാസികളെ രോഗികളാക്കി മാറ്റുകയും പെട്ടെന്ന് മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സ്ഥിരമായി മരുന്ന് കഴിക്കേണ്ട അസുഖമുള്ളവര്‍ പോലും കൃത്യമായി ഇടവേളകളില്‍ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുകയോ വേണ്ട പരിശോധനകള്‍ നടത്തുകയോ ചെയ്യാറില്ല. 
മദ്യപാന ശീലവും ആളുകളെ രോഗത്തിന് എളുപ്പം അടിമയാക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍ അനുസരിച്ച് ബഹ്റൈനില്‍ ജീവിക്കുന്നവരില്‍ 41 ശതമാനത്തോളം പേര്‍ക്ക് കൊളസ്ട്രോള്‍ പരിധിക്ക് മുകളില്‍ ഉളളവരാണ്. 38 ശതമാനത്തോളം പേര്‍ രക്തസമ്മര്‍ദവും 14.3 ശതമാനം പേര്‍ പ്രമേഹവും ഉള്ളവരാണ്. ചെറുപ്പക്കാരില്‍ അടക്കം ജീവിത ശൈലീ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് പ്രവാസ സമൂഹം മുന്‍കൈയെടുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകരും ആരോഗ്യ വിദഗ്ധരും ആവശ്യപ്പെടുന്നു.   
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.