മനാമ: ‘സയന്‍സ് ഇന്ത്യ ഫോറം’ കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷയില്‍ ‘ശാസ്ത്രപ്രതിഭ’കളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച യാത്ര വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍െറ നവ്യാനുഭവമായി. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ (ബി.എ.ആര്‍.സി), ഹോമിഭാഭ സെന്‍റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസം എന്നീ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.
നിരവധി ഗവേഷക വിദ്യാര്‍ഥികളുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി സന്ദര്‍ശനം ശാസ്ത്രപ്രതിഭകള്‍ക്ക് മുന്നില്‍ അറിവിന്‍െറ പുതിയ വാതായാനങ്ങള്‍ തുറന്നു. തുണി, ഭക്ഷണം,മരുന്ന്, എണ്ണ തുടങ്ങിയ മേഖലകളില്‍ നടക്കുന്ന ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ വസ്ത്രനിര്‍മാണം എന്ന പുതിയ കാഴ്ചപ്പാടിലൂന്നിയ പരീക്ഷണശാല കുട്ടികളില്‍ കൗതുകമുണര്‍ത്തി.
മുംബൈ ഐ.ഐ.ടി സന്ദര്‍ശിച്ച ശാസ്ത്രയാന്‍ സംഘത്തിന് വിവരസാങ്കേതിക വിദ്യയുടെ നൂതന പരീക്ഷണങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അവിടുത്തെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്‍റര്‍ കുട്ടികളില്‍ അദ്ഭുതമുളവാക്കി. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നിവയുടെ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ വിദ്യാര്‍ഥികള്‍ ചോദിച്ച് മനസിലാക്കി.
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ററാണ് കുട്ടികളെ ഏറ്റവുമധികം ആകര്‍ഷിച്ചത്. കനത്ത സുരക്ഷയോടെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചത്.
അറ്റോമിക് റിസര്‍ച്ച് സെന്‍ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ അവിടത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ മറുപടിയും നല്‍കി. യാത്ര അവിസ്മരണീയമായിരുന്നെന്ന് സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രഗല്‍ഭ ശാസ്ത്രജ്ഞരായ എ.ബി. പണ്ഡിറ്റ്, ശ്യാം അസോലേക്കര്‍, ജി.ഡി. യാദവ് തുടങ്ങിയവരുമായി ദീര്‍ഘനേരം സംവദിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും അതിന്‍െറ വ്യതിയാനങ്ങളെക്കുറിച്ചും പഠിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മെക്കാനിസം ഈ മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ നല്‍കി. ഭൂമിയുടെ ഗുരുത്വാകര്‍ഷണം അളക്കുന്ന ഉപകരണങ്ങള്‍ അവിടുത്തെ ശാസ്ത്രജ്ഞര്‍ പരിചയപ്പെടുത്തി. അന്‍റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗുരുത്വാകര്‍ഷണ പരീക്ഷണ കേന്ദ്രത്തെക്കുറിച്ചും അതിന്‍െറ പ്രവര്‍ത്തനരീതിയെക്കുറിച്ചും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.
നാലുദിവസം നീണ്ട യാത്രയില്‍ മുംബൈയിലെ ചരിത്രസ്മാരകങ്ങളും സന്ദര്‍ശിച്ചു.
2017ലെ ശാസ്ത്രപ്രതിഭ പരീക്ഷ ജൂണ്‍ ഒന്നിന് അതാത് സ്കൂളുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് സയന്‍സ് ഇന്ത്യ ഫോറം ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മരാജുമായി (39407514) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.