മനാമ: മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യം ബഹ്റൈന്‍ ആണെന്ന് എച്ച്.എസ്.ബി.സി സര്‍വെ. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബഹ്റൈന് ഈ അംഗീകാരം ലഭിക്കുന്നത്. ആഗോള തലത്തില്‍ ബഹ്റൈന് ഒമ്പതാം സ്ഥാനമാണുള്ളത്. ‘എക്സ്പാറ്റ് എക്സ്പ്ളോറര്‍ സര്‍വെ’യുടെ അന്താരാഷ്ട്ര റാങ്കിങില്‍ ബഹ്റൈന് പോയവര്‍ഷം നാലാം സ്ഥാനമുണ്ടായിരുന്നു. 45രാജ്യങ്ങളെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 26,871പ്രവാസികള്‍ പങ്കെടുത്തു. തൊഴില്‍, ധനസ്ഥിതി, ജീവിതനിലവാരം, കുട്ടികളുടെ കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് വിലയിരുത്തപ്പെട്ടത്.
പ്രവാസികള്‍ക്ക് എളുപ്പം സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ ബഹ്റൈന് ഒന്നാം സ്ഥാനവും വസ്തു വാങ്ങാന്‍ സാധിക്കുന്നതില്‍ രണ്ടാം സ്ഥാനവും ജീവിത നിലവാരത്തില്‍ നാലാം സ്ഥാനവും സഹിഷ്ണുതയില്‍ ഏഴാം സ്ഥാനവും ലഭിച്ചു. സര്‍വെയില്‍ പങ്കെടുത്ത 42ശതമാനം രക്ഷിതാക്കളും പറയുന്നത്, തങ്ങളുടെ കുട്ടികള്‍ക്ക് സ്വന്തം നാടിനേക്കാള്‍ എളുപ്പത്തില്‍ ഇവിടെ സൗഹൃദമുണ്ടാക്കാന്‍ സാധിക്കുന്നുവെന്നാണ്. കുട്ടികളുടെ ജീവിത നിലവാരം നാടിനോളം മികച്ചതാണെന്ന് 78ശതമാനം രക്ഷിതാക്കളും കരുതുന്നു. നാടിനേക്കാള്‍ മെച്ചപ്പെട്ടതാണ് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ടെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയില്‍ പറഞ്ഞു.
ചെലവഴിക്കാനായി നാട്ടിലുള്ളതിനേക്കാള്‍ പണം മാറ്റിവെക്കാനാകുന്നുണ്ടെന്ന് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, നാടിനേക്കാള്‍ പണം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്ന് 65 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബഹ്റൈനില്‍ നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്ന് കരുതുന്നത് 59 ശതമാനം പേരാണ്. മിഡില്‍ ഈസ്റ്റിലെ തൊഴില്‍ സാഹചര്യങ്ങള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും മെച്ചപ്പെട്ടുവരികയാണെന്ന് പലരും അഭിപ്രായപെട്ടു. നാടിനേക്കാള്‍ തൊഴില്‍ സുരക്ഷിതത്വം ഇവിടെ ലഭിക്കുന്നുവെന്ന് പറഞ്ഞത് 36 ശതമാനം പേരാണ്. കഴിഞ്ഞ വര്‍ഷം 30 ശതമാനം പേരാണ് ഈ അഭിപ്രായം ഉന്നയിച്ചത്.
മിഡില്‍ ഈസ്റ്റില്‍ ജോലിയും ജീവിതവും തമ്മിലുള്ള സംതുലനാവസ്ഥ പാലിക്കാന്‍ സാധിക്കുന്നുണ്ടെന്ന് 53 ശതമാനം പേര്‍ കരുതുന്നു. പോയ വര്‍ഷം ഈ അഭിപ്രായം രേഖപ്പെടുത്തിയത് 43 ശതമാനം പേരാണ്.
പുതിയ സംസ്കാരങ്ങളുമായുള്ള ഇടപഴകല്‍, പുതിയ ഭാഷകള്‍ പഠിക്കാനുള്ള അവസരം, വ്യക്തിത്വ വികാസം, ആത്മവിശ്വാസം എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ പുറം രാജ്യങ്ങളില്‍ വളരുന്നത് നല്ലതാണെന്ന അഭിപ്രായം നിരവധി രക്ഷിതാക്കള്‍ ആഗോള തലത്തില്‍ പങ്കുവെച്ചു.
ജീവിതാഭിലാഷങ്ങളുടെ സാക്ഷാത്കാരത്തിനും സാമ്പത്തിക നേട്ടമുണ്ടാക്കാനും പ്രവാസം അവസരമൊരുക്കിയെന്നാണ് പ്രവാസികള്‍ പൊതുവെ പറയുന്നതെന്ന് എച്ച്.എസ്.ബി.സി എക്സ്പാറ്റ് ഹെഡ് ഡീന്‍ ബ്ളാക്ക്ബേണ്‍ പറഞ്ഞു. കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസം, വീടുവാങ്ങല്‍, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം എന്നീ കാര്യങ്ങള്‍ക്കാണ് പലരും പരിഗണന കൊടുക്കുന്നത്.
പ്രവാസം തെരഞ്ഞെടുത്ത ശേഷം ജീവിത നിലവാരം മെച്ചപ്പെട്ടുവെന്ന അഭിപ്രായമാണ് ഒട്ടുമിക്കവരും പങ്കുവെക്കുന്നത്. അതാതിടത്തെ സംസ്കാരവും ജനതയുമായി ഇഴുകിചേരാനായെന്നാണ് ഭൂരിപക്ഷവും പറയുന്നത്. സമ്പാദ്യത്തില്‍ വര്‍ധനയുണ്ടായെന്നും വസ്തു വാങ്ങാന്‍ സാധിച്ചെന്നും അഞ്ചുപ്രവാസികളില്‍ രണ്ടുപേരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.